എഡിഎം നവീന്‍ബാബുവിന്‍റെ മരണത്തോടനുബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കേണ്ട പരിപാടിയും കലക്ടര്‍ ഒഴിവാക്കിയിട്ടുണ്ട്. എ.കെ.ജി സ്കൂളിന്‍റെ കെട്ടിടോദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയായിരുന്നു മുഖ്യാതിഥി. മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി ഇന്നലെ രാത്രി കലക്ടര്‍ നേരിട്ട് കണ്ടിരുന്നു. എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയോട് വിശദീകരിച്ചു. 20 മിനിറ്റോളം ഈ കൂടിക്കാഴ്ച നീണ്ടു. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും കലക്ടര്‍ മടങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമന്യൂസ് പുറത്തുവിട്ടിരുന്നു. Also Read: 'എഡിഎം കൈക്കൂലി വാങ്ങിയെന്ന് പരാതി നല്‍കിയിട്ടില്ല' 

നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കലക്ടറുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കുമെന്നും സൂചനകളുണ്ട്. ഇന്നലെ ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ മൊഴിയെടുപ്പ് നീണ്ടുപോയതിനാല്‍ പൊലീസിന്‍റെ മൊഴിയെടുപ്പ് നടന്നിരുന്നില്ല.  ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ തന്നെയാണ് കലക്ടര്‍ ലാൻഡ് എ.ഗീതയ്ക്ക് മുന്നിലും ആവര്‍ത്തിച്ചത്. എന്നാല്‍ കലക്ടര്‍ ക്ഷണിച്ചത് അനുസരിച്ചാണ് യോഗത്തിലേക്ക് പോയത് എന്നാണ് ദിവ്യ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിൽ വാദിച്ചിരിക്കുന്നത്. 'അപ്രതീക്ഷിതമായാണ് ദിവ്യ യോഗത്തിലേക്ക് കടന്നുവന്നത്. പ്രോട്ടോക്കോൾ പരിഗണിച്ചാണ് കടന്നുവന്നതിനേയും പ്രസംഗിക്കുന്നതിനേയും എതിർക്കാതിരുന്നത്. എ ഡി എമ്മിനെതിരെ സംസാരിക്കുക എന്ന പ്രത്യേക താൽപര്യത്തോട് കൂടിയാണ് ദിവ്യ വന്നത് എന്ന് അറിയില്ലായിരുന്നു'. യോഗത്തിനുശേഷം നവീൻ ബാബുവിനോട് സംസാരിക്കുകയും ചെയ്തിരുന്നു എന്നുമാണ് കലക്ടറുടെ മൊഴി. 

അതിനിടെ, സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പി.പി. ദിവ്യയുടെ ഭര്‍ത്താവ് വി.പി. അജിത്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. തെറ്റായ സൈബര്‍ പ്രചരണമാണ് തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്നതെന്നാണ് അജിത്തിന്‍റെ പരാതിയില്‍ പറയുന്നത്. 

ENGLISH SUMMARY:

Kannur Collector Arun K. Vijayan canceled all official functions amid controversies. He also canceled a program with the Chief Minister. The police may record his statement today.