സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റ മോചന ഉത്തരവ് ഇന്ന് ഉണ്ടായെക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം. അറബി കുടുംബത്തിന് 34 കോടി രൂപ കൈമാറിയതോടെ വധശിക്ഷ റദ്ദാക്കിയിരുന്നു. ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയിലാണ് വാദം കേള്‍ക്കുക.
അകലെ ജയിലറയ്ക്കുള്ളില്‍ കഴിയുന്ന മകന്‍ പ്രതീക്ഷയുടെ വാതില്‍ തുറന്ന് അരികിലേക്കെത്തുന്നതും കാത്തിരിക്കുകയാണ് ഉമ്മ. മകനെ ചേര്‍ത്തണയ്ക്കണം കണ്‍നിറയെ കാണണം.. കഴിഞ്ഞ് പോയത് ഇരുവര്‍ക്കും വേദനയുടെ രണ്ട് പതിറ്റാണ്ടുകളാണ്. അതിനായി കോടതി നടപടികളാണ് ഇനി പൂര്‍ത്തിയാക്കേണ്ടത്. ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതോടെ മകന്‍റെ മോചനത്തിന് വഴിയൊരുങ്ങുമെന്നാണ് കുടുംബത്തിന്‍റെ പ്രതീക്ഷ.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടി സൗദിയിലെത്തിയ അബ്ദുള്‍ റഹീം സ്പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകന്‍റെ മരണത്തിന് അബദ്ധത്തില്‍ കാരണമാവുകയായിരുന്നു. തുടര്‍ന്ന് ജയിലിലടച്ചു. സൗദി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ കൈമാറാന്‍ ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെയാണ് കുടുംബത്തിന്‍റെ സ്ഥിതി പുറംലോകം അറിഞ്ഞത്. പിന്നീട് ലോകത്തിന്റ വിവിധ ഭാഗങ്ങളിലുള്ളവര്‍ കൈയയച്ച് സഹായിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 34 കോടി രൂപ സ്വരൂപിച്ച് നല്‍കുകയായിരുന്നു.