കര്‍ഷക കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടിയുടെ സംസ്കാരം നാളെ വൈകിട്ട് നാലിന് ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തില്‍. മൃതദേഹം നാളെ രാവിലെ തോട്ടപ്പള്ളിയിലെ കൽപകവാടി വീട്ടിൽ എത്തിക്കും. ഇന്നലെ തിരുവല്ലയിലായിരുന്നു അന്ത്യം.
Also Read: കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു
കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനനമെങ്കിലും വേറിട്ട രാഷ്ട്രീയ വഴിയാണ് ലാൽ വർഗീസ് കൽപകവാടി തിരഞ്ഞെടുത്തത്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ടി.കെ.വർഗീസ് വൈദ്യന്‍റെ മകനാണ് ലാൽ വർഗീസ്.
വിദ്യാഭ്യാസകാലം മുതൽ പിതാവിന്‍റെ രാഷ്ട്രീയത്തിൽ നിന്ന് മാറി കോൺഗ്രസ് രാഷ്ട്രീയത്തോട് ഒപ്പം ചേർന്ന് ലാൽ വർഗീസ് നടന്നു. ഇന്ദിരാഗാസിയോടും കെ. കരുണാകരനോടുമുള്ള ഇഷ്ടവും സൗഹൃദവും ലാൽ വർഗ്ഗീസ് കൽ പകവാടിയെ കോൺഗ്രസുകാരനാക്കി.
1980- കർഷക കോൺഗ്രസിന്‍റെ സംസ്ഥാനട്രഷറർ ആയി. മരിക്കുവോളം കർഷക കോൺഗ്രസിൽ തന്നെ ദേശീയ തലം വരെയുള്ള നേതൃ പദവികൾ വഹിച്ചു. കർഷകരോടും കൃഷിയോടുമുള്ള ഉള്ള താൽപ്പര്യം കർഷക കോൺഗ്രസിൽ തന്നെ തുടരാൻ ലാലിനെ പ്രേരിപ്പിച്ചു. കർഷക കോൺഗ്രസിൽ നീണ്ട 45 വർഷത്തിനിടയിൽ സംസ്ഥാനജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ദേശീയ തലത്തിൽ കോൺഗ്രസിന്‍റെ കർഷക സംഘടന രൂപികരിക്കുന്നതിനായി 2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ- ഓഡിനേറ്റർ ആയി ലാൽ വർഗീസിനെ എ.ഐ സി സി നിയമിച്ചു. ഇപ്പോൾ കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്‍റാണ്. ഹോൾട്ടികോർപ്പ് ചെയർമാനായി അഞ്ചു വർഷം പ്രവർത്തിച്ചു. 2021- ൽ യുഡിഎഫ് സ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു. കർഷക ക്ഷേമനിധി ബോർഡ് അംഗമായിരിക്കെയാണ് മരണം.
ഭാരത് ജോഡോ യാത്ര ആലപ്പുഴയിലൂടെ കടന്നുപോയപ്പോൾ രാഹുൽ ഗാന്ധിയും ദേശീയ നേതാക്കളും വിശ്രമിച്ചത് ആലപ്പുഴ തോട്ടപ്പള്ളിയിലെ ലാൽ വർഗീസിന്‍റെ കൽപകവാടി വീട്ടിലാണ്. അവിടെ വച്ച് സിപിഐക്കാരനായിരുന്ന മകൻ അമ്പു വർഗീസ് വൈദ്യൻ കോൺഗ്രസ് അനുഭാവിയായി .
കേരളത്തിലെ വിവിധ കാർഷിക പ്രശ്നങ്ങൾ ദേശീയ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ലാൽ വർഗീസിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭങ്ങൾ കാരണമായി. ദേശീയ തലത്തിലും കേരളത്തിലും കോൺഗ്രസിന്‍റെ കർഷക പ്രസ്ഥാനത്തിന് തീരാനഷ്ടമായി ലാൽ വർഗീസ് കൽപകവാടിയുടെ വിയോഗം അവശേഷിക്കും.