മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ് വിടവാങ്ങിയിട്ട് ഇന്നത്തേക്ക് ഒരു മാസമായിട്ടും മൃതദേഹം എന്ത് ചെയ്യണമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വൈദ്യപഠനത്തിന് മൃതദേഹം വിട്ടുനിൽകിയെങ്കിലും മകൾ ആശാ ലോറൻസ് എതിർപ്പ് ഉയർത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇപ്പോഴും കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലാണ് ലോറൻസിന്‍റെ മൃതദേഹം.

Also Read: അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍; മകള്‍ നിലത്തുവീണു; ചെറുമകനു നേരെ കയ്യേറ്റശ്രമം 

ഇക്കഴിഞ്ഞ സെപ്തംബർ 21 നാണ് എം.എം.ലോറൻസ് ഓർമയാകുന്നത്. തൊട്ടുപിന്നാലെ, മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുമെന്ന പ്രഖ്യാപനവും എത്തി. ഇതിനെതിരെ മകൾ ആശ ലോറൻസ് നിയമപോരാട്ടത്തിന് ഇറങ്ങിയത്തോടെയാണ് കാര്യങ്ങൾ വഷളായത്. 

മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നും, വൈദ്യപഠനത്തിന് സ്വീകരിക്കുന്നതിൽ ആശ അടക്കമുള്ളവരെ കേട്ട് തീരുമാനമെടുക്കണം എന്നും ഹൈക്കോടതി കളമശേരി മെഡിക്കൽ കോളജിന് ഹൈക്കോടതി നിർദേശം നൽകി. തുടർന്ന് മൂന്ന് മക്കളുടെയും നിലപാടറിഞ്ഞ മെഡിക്കൽ കോളജ് അധികൃതർ മൃതദേഹം വൈദ്യപഠനത്തിന് സ്വീകരിക്കാൻ തീരുമാനിച്ചു. എന്നാൽ തീരുമാനത്തിനെതിരെ ആശ വീണ്ടും ഹൈക്കോടതിയിലെത്തി. 

മെഡിക്കൽ കോളജ് നടത്തിയ ഹിയറിങ് ഏകപക്ഷീയമായിരുന്നുവെന്നും, മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്നും ആശ ആവശ്യപ്പെട്ടു. ഇതോടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 

വാദത്തിനിടെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാൻ തയ്യാറാണെന്ന് രേഖാമൂലം സമ്മതം അറിയിച്ച മറ്റൊരു മകൾ സുജാത നിലപാട് മാറ്റി.  കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നൽകിയത് എന്നായിരുന്നു സുജാത കോടതിയെ അറിയിച്ചത്. ബുധനാഴ്ചയാണ് ഹർജിയിൽ കോടതി വിധി പറയുക. കോടതി വിധി തിരിച്ചടിയാകുന്നവർ അപ്പീൽ നൽകാൻ  തീരുമാനിച്ചാൽ മൃതദേഹം വീണ്ടും മോർച്ചറിയിൽ തന്നെ തുടരും.

ENGLISH SUMMARY:

CPM leader M.M. Lawrence's body in mortuary awaiting court decision.