TOPICS COVERED

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തൽ . കോഴ വാങ്ങി എന്നതിന് തെളിവില്ലെന്നും എൻ ഒ സി വൈകിപ്പിച്ചു എന്ന വാദം തെറ്റാണെന്നും എ ഗീതയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. അതിനിടെ , യാത്രയയപ്പ് ചടങ്ങിന് മുൻപ് പി പി ദിവ്യ തന്നെ വിളിച്ചിരുന്നു എന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ വെളിപ്പെടുത്തി. കലക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ ഇങ്ങനെയാണ്. കൈക്കൂലി ആരോപണം തെളിയിക്കുന്നതിന് വേണ്ട തെളിവുകൾ കണ്ടെത്താനായിട്ടില്ല. നിയമം മറികടന്ന് നവീൻ ബാബു പ്രവർത്തിച്ചതിന് തെളിവില്ല.  എൻ ഒ സി നൽകുന്നത് വൈകിപ്പിച്ചു എന്ന ആരോപണവും ശരിയല്ല. ചെങ്ങളായിലെ നിർദിഷ്ട പെട്രോൾ പമ്പിന്റെ ഭൂമിക്ക് മുൻപിലുള്ള റോഡിലെ വളവിനെ കുറച്ചു പൊലീസ് നൽകിയ റിപ്പോർട്ടിലെ എതിർപ്പാണ് ടൗൺ പ്ലാനറോട്  റിപ്പോർട്ട് തേടാൻ കാരണം എന്നിങ്ങനെയാണ് കണ്ടെത്തൽ. ഫയൽ രേഖകളിൽ നിന്നാണ് ഇത് ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർ എ ഗീതയ്ക്ക് വ്യക്തമായത്. എന്നാൽ പരാതിക്കാരൻ പ്രശാന്തന്റെയും പ്രതിയായ പി പി ദിവ്യയുടെയും മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ദിവ്യക്ക് നോട്ടീസ് നൽകിയെങ്കിലും സഹകരിച്ചിട്ടില്ലെന്നാണ് വിവരം. ഇന്നോ നാളെയോ സർക്കാരിന് എ ഗീത റിപ്പോർട്ട് സമർപ്പിച്ചേക്കും. 

ഇതിനിടെയാണ് പൊലീസ് രഹസ്യമായി രാത്രിയിൽ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ എത്തി മൊഴി രേഖപ്പെടുത്തിയത്. ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർക്ക്  നൽകിയ മൊഴിയിലെ അതേ കാര്യങ്ങൾ പൊലീസിനോടും വെളിപ്പെടുത്തിയെന്ന് കലക്ടർ വിശദീകരിച്ചു. യാത്രയയപ്പ് ചടങ്ങിന് മുൻപ് ദിവ്യ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ പരിപാടിയിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കി. നവീൻ ബാബുവിന്റെ അവധി തടഞ്ഞു എന്ന കുടുംബത്തിൻറെ വാദവും കലക്ടർ തള്ളി. അദ്ദേഹവുമായി ഉണ്ടായിരുന്നത് സൗഹാർദ്ദബന്ധം . സ്ഥലംമാറ്റത്തിനോ അവധിക്കോ അപേക്ഷ നൽകിയിട്ടില്ലെന്നും അരുൺ കെ വിജയൻ വ്യക്തമാക്കി.

ENGLISH SUMMARY:

Joint Commissioner of Land Revenue found that ADM Naveen Babu did not take bribe.