എ.ഡി.എമ്മിന്റെ ആത്മഹത്യക്കേസില്‍ പ്രതി ചേർക്കപ്പെട്ട പി.പി.ദിവ്യയെ ഉടൻ ചോദ്യം ചെയ്യേണ്ട എന്ന നിലപാടിലുറച്ച്  പൊലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ ദിവ്യയെ വിളിച്ചുവരുത്തില്ല. ഇതിനിടെ, സ്വർണ്ണം പണയം വെച്ചാണ് താൻ എ.ഡി.എമ്മിന് കൈക്കൂലി നൽകിയതെന്ന് പ്രശാന്തൻ പൊലീസിന് മൊഴി നൽകി.   

ഇന്നലെയാണ് പ്രശാന്തൻ കണ്ണൂർ ടൗൺ പൊലീസിൽ മൊഴി നൽകിയത്. ആറാം തീയതി നവീൻ ബാബുവിന്റെ കോർട്ടേഴ്സിൽ എത്തിയ താൻ ഇവിടെ വച്ചാണ് പണം കൈമാറിയത് എന്ന് മൊഴിയിൽ പറയുന്നു. എഡിഎമ്മുമായി പലതവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും ഇതിന് കോൾ രേഖകൾ ഉണ്ടെന്നും പ്രശാന്തൻ പൊലീസിനോട് പറഞ്ഞു . ഫോൺ വിളിച്ചതിന്റെ തെളിവുകളും ഹാജരാക്കി. സ്വർണ്ണം പണയം വെച്ചതിന്റെ രേഖകളും  നൽകിയിട്ടുണ്ട്. പ്രശാന്തനെതിരായ വിജിലൻസ് അന്വേഷണവും ഒരു ഭാഗത്ത് തുടരുന്നുണ്ട്. മുഖ്യമന്ത്രിക്കു നൽകിയെന്ന് അവകാശപ്പെട്ട പരാതിയിലെ പൊരുത്തക്കേടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ലഭിച്ച പരാതിയിലാണ് വിജിലൻസ് അന്വേഷണം. വിശദമായ മൊഴി ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ വിജിലൻസ് കോഴിക്കോട് യൂണിറ്റ് രേഖപ്പെടുത്തും. അതിനിടെ കേസിലെ ഏകപ്രതി പി പി ദിവ്യയെ ഇപ്പോൾ തൊടേണ്ട എന്ന നിലപാടിലാണ് പൊലീസ് . ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ അറസ്റ്റ് ചെയ്യാതെ വിടാൻ ആവില്ല. മുൻകൂർ ജാമ്യ അപേക്ഷ കോടതിയിൽ ഇരിക്കെ അറസ്റ്റ് വേണ്ട എന്നാണ് പൊലീസിൽ തീരുമാനം.  കോടതി എന്ത് തീരുമാനമെടുത്താലും അതിനനുസരിച്ച് നീങ്ങാനാണ് പൊലീസ് ആലോചിക്കുന്നത്. മറ്റന്നാളാണ് മുൻകൂർ ജാമ്യ അപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുക

ENGLISH SUMMARY:

PP Divya, who has been accused in ADM's suicide case, should be interrogated immediately, police said.