car-karuvannur

TOPICS COVERED

''വലിയ ശബ്ദമായിരുന്നു.ഞങ്ങള്‍ പേടിച്ച് എത്തിനോക്കി.അപ്പോ  ബസ് കാറിനെ തള്ളി കൊണ്ട് പോവുകയാണ്. കുറച്ച് കഴിഞ്ഞാണ് നിന്നത്. കാര്‍ വട്ടംകറങ്ങി തിരിഞ്ഞ് നിന്നു. ഓടിപ്പോയി നോക്കിയപ്പോള്‍ വണ്ടി ഓടിച്ചിരുന്നയാള്‍ കുരുങ്ങി കിടക്കുന്നു. അപകടത്തില്‍ പെട്ടയാളെ എടുക്കാന്‍ പറ്റുന്നുണ്ടായില്ല. അപ്പോഴേക്കും ആളുകള്‍ കൂടി. പിന്നെ കാര്‍ വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു.

ഈ സ്ഥലത്ത് ഇത് മൂന്നാമത്തെ അപകടമാണ് തുടര്‍ച്ചയായി നടക്കുന്നത്. ബസുകള്‍ വല്ലാത്ത മല്‍സരപ്പാച്ചിലാണ് എപ്പഴും. അപകടങ്ങള്‍ പതിവാണ്. വളരെ വേഗത്തിലും അലക്ഷ്യമായിട്ടുമാണ് വാഹനം ഓടിക്കുന്നത്. പരാതി പറഞ്ഞ് മടുത്തു.'' നാട്ടുകാര്‍ വിഷമത്തോടേയും ക്ഷോഭത്തോടെയും പറയുന്നു. രാവിലേയും വൈകിട്ടും മരണപ്പാച്ചിലാണ്. താക്കീത് നല്‍കിയാല്‍ നമുക്ക് നേരേ ആക്രോശമാണ്. ഈ രീതി മാറണം. വിഷമത്തോടെ നാട്ടുകാര്‍ പറയുന്നു. 

തൃശൂർ കരുവന്നൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. തേലപ്പിള്ളി സ്വദേശി സ്മിജോ ആണ് മരിച്ചത്. 51 വയസായിരുന്നു. അമിതവേഗതയിൽ പാഞ്ഞ ബസ് കാറിന്‍റെ മുമ്പിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. . അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. മറ്റൊരു വാഹനത്തെ മറികടന്നുവന്ന സ്വകാര്യ ബസ് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാറും മറ്റൊരു വാഹനത്തെ മറികടന്ന് ഇടത് വശത്തേക്ക് തിരിഞ്ഞുപോകുന്നതും ഇതിനിടയിൽ തന്നെ എതിര്‍ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ ബസ് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

ഇറ്റലിയില്‍ നിന്ന് അവധിക്കായി നാട്ടിലെത്തിയതായിരുന്നു സ്മിജോ. വീടിന്‍റെ പണി നടക്കുകയാണ്. അതിന്‍റെ ആവശ്യങ്ങള്‍ക്കായി പോകുമ്പോഴാണ് അപകടം. 

 
The accident was a collision between a private bus and a car in Karuvannur, Thrissur.: