സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്നതിന് എതിരെ മകള്‍ ആശ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് ലോറന്‍സിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും നീതി കിട്ടാന്‍ അവസാനംവരെ പോരാടുമെന്നും ആശ പ്രതികരിച്ചു.
സെപ്റ്റംബര്‍ 21നാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ലോറന്‍സ് അന്തരിച്ചത്. തൊട്ടുപിന്നാലെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹവും കുടുംബാംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇതിനെതിരെ മകള്‍ ആശ നിയമപോരാട്ടത്തിനിറങ്ങിയതോടെ കാര്യങ്ങള്‍ വഷളാവുകയായിരുന്നു.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നും, വൈദ്യപഠനത്തിന് സ്വീകരിക്കുന്നതിൽ ആശ അടക്കമുള്ളവരെ കേട്ട് തീരുമാനമെടുക്കണം എന്നും ഹൈക്കോടതി കളമശേരി മെഡിക്കൽ കോളജിന് ഹൈക്കോടതി നിർദേശം നൽകി. തുടർന്ന് മൂന്ന് മക്കളുടെയും നിലപാടറിഞ്ഞ മെഡിക്കൽ കോളജ് അധികൃതർ മൃതദേഹം വൈദ്യപഠനത്തിന് സ്വീകരിക്കാൻ തീരുമാനിച്ചു. എന്നാൽ തീരുമാനത്തിനെതിരെ ആശ വീണ്ടും ഹൈക്കോടതിയിലെത്തി. മെഡിക്കൽ കോളജ് നടത്തിയ ഹിയറിങ് ഏകപക്ഷീയമായിരുന്നുവെന്നും, മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്നും ആശ ആവശ്യപ്പെട്ടു. ഇതോടെ മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.വാദത്തിനിടെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാൻ തയ്യാറാണെന്ന് രേഖാമൂലം സമ്മതം അറിയിച്ച മറ്റൊരു മകൾ സുജാത നിലപാട് മാറ്റി. കൃത്യമായ ബോധ്യത്തോടെയല്ല സമ്മതപത്രം നൽകിയത് എന്നായിരുന്നു സുജാത കോടതിയെ അറിയിച്ചത്.