TOPICS COVERED

തീക്ഷ്ണമായ സമരപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച സഖാവ് എം.എം.ലോറൻസ് ജീവിച്ചിരുന്നപ്പോൾ ഇത്രയേറെ പരീക്ഷണങ്ങളിലൂടെ കടന്നുപോയിരിക്കില്ല. സെപ്തംബർ 21 ന് വിടപറഞ്ഞ് രണ്ടാം ദിവസം മുതൽ നിയമ വ്യവഹാരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് എം.എം.ലോറൻസിൻ്റെ ഭൗതികശരീരം. മൃതദേഹം പഠനാവശ്യത്തിന് കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയതും കോടതിയിൽ പോയതും മകൾ ആശ ലോറൻസ്. എറണാകുളം ടൗൺഹാളിൽ പൊതുദർശനം നടക്കുന്ന അതേ സമയത്ത് തന്നെയാണ് വിളിപ്പാടകലെ ഹൈക്കോടതിയിൽ ഹർജി പരിഗണിക്കുന്നത്. 

തീരുമാനം മെഡിക്കൽ കോളജിന് വിട്ട് ആശയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. മൂന്നു മക്കളെയും കേട്ടതിന് ശേഷം മൃതദേഹം പഠനാവശ്യത്തിന് ഏറ്റെടുക്കാൻ മെഡിക്കൽ കോളജിന്റെ തീരുമാനം.

ഹിയറിങ് ഏകപക്ഷീയമായിരുന്നു എന്നാരോപിച്ച് ആശ വീണ്ടും ഹൈക്കോടതിയിൽ. സിംഗിൾ ബെഞ്ചിന് മുന്നിലെ വാദത്തിനിടെ ആശയ്ക്ക് അനുകൂലമായി മറ്റൊരു മകൾ സുജാത നിലപാട് മാറ്റി. മരണശേഷം മൃതദേഹം പഠനാവശ്യത്തിന് വിട്ടു നൽകാനുള്ള തീരുമാനത്തിന് സാക്ഷികളുണ്ടെന്ന് വ്യക്തമാക്കി മെഡിക്കൽ കോളജിന്റെ തീരുമാനം സിംഗിൾ ബെഞ്ച് ശരിവെച്ചു. അപ്പീലുമായി ആശയും സുജാതയും ഡിവിഷൻ ബെഞ്ചിലെത്തി. സിവിൽ കേസ് അല്ലേയെന്നും മധ്യസ്ഥനെ നിയോഗിക്കാമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്. 

അഡ്വ.എൻ.എൻ.സുഗുണപാലന്റെ മധ്യസ്ഥതയിൽ പക്ഷേ കാര്യങ്ങൾ തീരുമാനമായില്ല. ഇതോടെ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്. തിരിച്ചടിയേക്കുന്നവർ നിയമ പോരാട്ടം തുടരാൻ തീരുമാനിച്ചാൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ഫോർമാലിനിൽ സൂക്ഷിച്ചിരിക്കുന്ന എം.എം.ലോറൻസിന്റെ ഭൗതികശരീരം അവിടെത്തന്നെ തുടരും.

ENGLISH SUMMARY:

The Kerala High Court is set to deliver its verdict today on the petition filed by the daughters of the late senior CPM leader M.M. Lawrence, seeking the release of his body. The petition demands that the body be handed over for funeral rites as per religious customs. The division bench is expected to pass a ruling on the matter, after efforts for mediation failed.