TOPICS COVERED

സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടന്ന് ബി.ജെ.പി. അടുത്തമാസം ആദ്യം ബൂത്ത് തലത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. മേല്‍ഘടകങ്ങളില്‍ പരമാവധി സമവായത്തിലൂടെ അധ്യക്ഷന്‍മാരെ നിശ്ചയിക്കാനാണ് നിര്‍ദേശം. 2025 ല്‍ പാര്‍ട്ടിക്ക് പുതിയ ദേശീയ അധ്യക്ഷന്‍ ഉണ്ടാകുമെന്നാണ് സൂചന. അംഗത്വവിതരണം 10 കോടിയെന്ന ലക്ഷ്യം പിന്നിട്ടു.  

നവംബര്‍ അഞ്ചുമുതല്‍ 25 വരെയാണ് ബൂത്ത് തല തിരഞ്ഞെടുപ്പ്. നടപടിക്രമങ്ങള്‍ വിശദീകരിക്കാന്‍ മുഴുവന്‍ ഭാരവാഹികളുടെയും യോഗം കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ബൂത്ത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ മണ്ഡലം, ജില്ല, സംസ്ഥാന ഘടകങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങും. ഇതിന് മുന്നോടിയായി അടുത്തമാസം വീണ്ടും ഭാരവാഹിയോഗം വിളിച്ചിട്ടുണ്ട്. 

സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പദവിയേറ്റെടുത്ത് നാലുവര്‍ഷം പിന്നിട്ടു. മൂന്നുവര്‍ഷമാണ് പ്രസിഡന്‍റിന്‍റെ കാലാവധിയെങ്കിലും പരമാവധി രണ്ടു ടേം വരെ ഒരാള്‍ക്ക് തുടരാം.  അതിനാല്‍ കേരളത്തില്‍ നേതൃമാറ്റം ഉറപ്പില്ല. അന്‍പത് ശതമാനം സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കും. 

കേന്ദ്രമന്ത്രികൂടിയായ നിലവിലെ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ രണ്ടു ടേം നേരത്തെ പൂര്‍ത്തിയായതിനാല്‍ പുതിയൊരാള്‍ പദവിയിലെത്തും എന്നുറപ്പാണ്. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കും. സെപ്റ്റംബറില്‍ ആരംഭിച്ച അംഗത്വവിതരണം 10 കോടിയെന്ന ലക്ഷ്യം മറികന്നു. ഈ മാസം അവസാനം വരെ അംഗങ്ങളെ ചേര്‍ക്കാം.

ENGLISH SUMMARY:

BJP entered the organizational elections