കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫിസ് സെക്രട്ടറി സതീശൻ തിരൂർ. ആറു ചാക്കുകളിലായി കൊണ്ടുവന്ന പണം നിയമസഭ തിരഞ്ഞെടുപ്പിനായി ബിജെപി ചെലവിട്ടെന്നാണ് മുൻ ഓഫിസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. തിരൂർ സതീശന്റെ ഈ വെളിപ്പെടുത്തൽ കൊടകര കുഴൽപ്പണ കേസിനെ വീണ്ടും സജീവമാക്കി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരിഞ്ഞു നോക്കാത്ത കള്ളപ്പണ കേസാണിത്. കേരള പൊലീസ് അന്വേഷിച്ച് 23 പ്രതികൾക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിലെ പ്രധാനപ്പെട്ട സാക്ഷിയാണ് സതീശൻ. അന്ന്, പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇതെല്ലാം ഏറ്റു പറഞ്ഞിരുന്നു. പക്ഷേ, മാധ്യമങ്ങൾക്ക് മുമ്പിൽ പറയാൻ സതീശൻ തയാറായതാണ് ബിജെപിയെ ഞെട്ടിച്ചത്. 

 

2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ ചെലവിലേയ്ക്കായി ബിജെപി കൊണ്ടുവന്ന കള്ളപ്പണം ക്രിമിനൽ സംഘം തട്ടിയെടുത്തു. കോഴിക്കോട് സ്വദേശിയായ ധർമരാജനാണ് പണം കൊണ്ടുവന്നത്. 23 പ്രതികളെ അറസ്റ്റ് ചെയ്തു. ഒരു കോടി അറുപതു ലക്ഷം രൂപ കണ്ടെടുത്തു. ബാക്കി തുക കണ്ടെടുക്കാനായില്ല.

കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാൻ കേരള പൊലീസ് രേഖാമൂലം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. വർഷം മൂന്നു വർഷം കഴിഞ്ഞിട്ടും ഇ.ഡി. തിരിഞ്ഞു നോക്കിയില്ല. കരുവന്നൂർ കേസ് അന്വേഷിക്കാൻ ഇ.ഡി. നടത്തിയ തിടുക്കം കൊടകരയിൽ ഇല്ലെന്നാണ് എതിർ രാഷ്ട്രീയ പാർട്ടിക്കാരുടെ ആക്ഷേപം. 

 

കൊടകര കുഴല്‍പ്പണക്കേസിലെ പുതിയ വെളിപ്പെടുത്തല്‍ ഉപതിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നേരത്തെ ഉയര്‍ന്നുവന്ന, തേഞ്ഞൊട്ടിയ വാദങ്ങളും ആരോപണങ്ങളുമാണ് ആവര്‍ത്തിക്കുന്നത്. തിരൂര്‍ സതീഷിന് എന്തുവേണമെങ്കിലും പറയാം. ഒന്നും ഭയപ്പെടുന്നില്ലെന്നും സുരേന്ദ്രന്‍ ചേലക്കരയില്‍ പറഞ്ഞു.   

 

കൊടകര കുഴല്‍പ്പണക്കേസ് വെളിപ്പെടുത്തലില്‍  സതീശന്‍ തിരൂരിനെതിരെ നിയമനടപടിക്ക് ബി.ജെ.പി. മാനനഷ്ടക്കേസ് നല്‍കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്കുമാര്‍ കൗണ്ടര്‍ പോയന്റില്‍  പറഞ്ഞു.

ENGLISH SUMMARY:

Former thrissur bjp office secretary on kodakara robbery case