prasanth

എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനും ആരോഗ്യവകുപ്പ് ജീവനക്കാരനുമായ ടി.വി. പ്രശാന്ത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. ആരോഗ്യസെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതോടെ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും. എഡിഎമ്മിന്റെ മരണശേഷം പത്ത് ദിവസം പ്രശാന്തിനെ സംരക്ഷിച്ച ശേഷമാണ് പേരിനുളള നടപടി വരുന്നത്. 

 

പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ ടി വി പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി തേടിയത്  സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. ആരോഗ്യ സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. പമ്പ് തുടങ്ങാന്‍ അനുമതി തേടിയിട്ടില്ല. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മറ്റ് വരുമാനം ലഭിക്കുന്ന ജോലികള്‍ പാടില്ലെന്ന സര്‍വീസ് റൂള്‍ ലംഘിച്ചു. പമ്പ് തുടങ്ങാന്‍ പ്രത്യേക അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന പ്രശാന്തിന്റെ ന്യായീകരണം തളളിയ അന്വേഷണ സംഘം വകുപ്പു തല നടപടിക്കും ശുപാര്‍ശ നല്കി. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ പ്രശാന്തിനെങ്ങനെ പെട്രോള്‍ പമ്പ് തുടങ്ങാനാകുമെന്ന ചോദ്യമുയര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുന്നതുപോലും. പമ്പ് തുടങ്ങാന്‍ അനുമതി തേടിയെന്നും എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്കിയെന്നും പരസ്യമായി വെളിപ്പെടുത്തിയ പ്രശാന്ത് ചട്ടം ലംഘിച്ചോയെന്ന് അറിയാന്‍ അന്വേഷണ സംഘം കണ്ണൂര് വരെ പോകേണ്ടി വന്നു. പ്രശാന്ത് താല്ക്കാലിക ജീവനക്കാരനാണോ എന്നതിന് പോലും ആരോഗ്യവകുപ്പിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് 

പ്രശാന്തിനെതിരെ നപടിയെടുത്ത് തടിയൂരാനുളള ശ്രമം. പ്രശാന്തിനി സര്‍ക്കാര്‍ ശമ്പളം വാങ്ങില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും പരിയാരം മെഡിക്കല്‍ കോളജിലെ സ്ഥിരപ്പെടുത്താനുളള ജീവനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളായതിനാല്‍ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍  വകുപ്പ് തല നടപടിയെടുക്കാനാണ് നീക്കം അതേസമയം പ്രശാന്തിന്റെ ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. 

ENGLISH SUMMARY:

Prashant violated service rules recommendation for action