കോട്ടയം നാട്ടകം അഭയ മോർച്ചറിയിൽ 49 ദിവസമായി സംസ്കരിക്കാതെ സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്കരിച്ചു. മധ്യപ്രദേശ് സ്വദേശി അമൻ കുമാറിന്‍റെ മൃതദേഹമാണ് പൊലീസ് മേൽനോട്ടത്തിൽ സംസ്കരിച്ചത്.. 16 കാരന്‍റെ മൃതദേഹം സംസ്കരിക്കാത്തതിനെക്കുറിച്ച് മനോരമ ന്യൂസ് നൽകിയ വാർത്തയെ തുടർന്നാണ് ഇടപെടൽ.
49 ദിവസങ്ങളായി അഭയാമോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ചിരുന്ന അമൻ കുമാറിന്‍റെ മൃതദേഹം സംസ്കാരത്തിനായി മാറ്റിയപ്പോൾ മധ്യപ്രദേശിലുള്ള കുടുംബത്തിന്റെ ആശ്വാസം വിവരണാതീതമാണ്. ചിങ്ങവനം പൊലീസ് മൃതദേഹം ഏറ്റുവാങ്ങി
മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ പൊലീസ് നടപടി വേഗത്തിലാക്കാൻ ഇടപ്പെട്ട എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും മൃതദേഹം ഏറ്റുവാങ്ങാൻ എത്തി. മോർച്ചറി വാടക നൽകുന്നതിൽ നിന്ന് അമൻ കുമാറിന്റെ തൊഴിലുടമ ഒഴിഞ്ഞുമാറിയതോടെയാണ് മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ലാതെ മോർച്ചറിയിൽ തുടർന്നത്.. മോർച്ചറി വാടക അടയ്ക്കാൻ കഴിയാതെ സുഹൃത്തുക്കളായ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി.. മൃതദേഹത്തെക്കുറിച്ച് അന്വേഷിക്കാൻ കേരളത്തിലേക്ക് എത്താനുള്ള സാമ്പത്തിക സ്ഥിതി പോലും അമന്റെ കുടുംബത്തിന് ഉണ്ടായിരുന്നില്ല. മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് മനുഷ്യാവകാശ ലംഘനം പുറത്തറിയുന്നത്.അമൻ കുമാറിന്റെ ചിതാഭസ്മം പൊലീസ് മധ്യപ്രദേശിലെ വീട്ടിലെത്തിച്ച് നൽകും