എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച വിവാദ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടിവി പ്രശാന്തിനെതിരെ ഒടുവില്‍ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരനായ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതര അച്ചടക്ക ലംഘനവും പെരുമാറ്റ ചട്ടലംഘനവും പ്രശാന്ത് നടത്തിയെന്നും  സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്.

എഡിഎം നവീന്‍ ബാബുവിന്റെ മരണം സംഭവിച്ച് പന്ത്രണ്ടാം ദിനം വിവാദ പരാതിക്കാരന്‍ ടി വി പ്രശാന്തിനെതിരെ പേരിനെങ്കിലും നടപടിക്ക് തയാറായിരിക്കുകയാണ് ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ ടി വി പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രശാന്തിന്റെ ഭാഗത്ത് നിന്ന് ഗുരുതര ചട്ടലംഘനം ഉണ്ടായെന്നും കടുത്ത അച്ചടക്ക നടപടിക്ക് മുന്നോടിയായാണ് സസ്പെന്‍ഷന്‍ എന്നും നടപടി ഉത്തരവിലുണ്ട്. പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി തേടിയത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. 

Read Also: ബന്ധുവീട്ടില്‍ നിന്ന് പി.പി.ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി; അറസ്റ്റിന് വഴങ്ങില്ല

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മറ്റ് വരുമാനം ലഭിക്കുന്ന ജോലികള്‍ പാടില്ലെന്ന സര്‍വീസ് റൂള്‍ ലംഘിച്ചു. കൈക്കൂലി നല്‍കിയെന്ന് പറയുന്നതും ഗുരുതര സര്‍വീസ് ചട്ടലംഘനം. പമ്പ് തുടങ്ങാന്‍ പ്രത്യേക അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന പ്രശാന്തിന്റെ ന്യായീകരണം തളളിയ ആരോഗ്യസെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘം കടുത്ത നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

ആരോഗ്യവകുപ്പിലെ ജീവനക്കാരനായ പ്രശാന്തിനെങ്ങനെ പെട്രോള്‍ പമ്പ് തുടങ്ങാനാകുമെന്ന ചോദ്യമുയര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുന്നതുപോലും. പമ്പ് തുടങ്ങാന്‍ അനുമതി തേടിയെന്നും എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നും പരസ്യമായി വെളിപ്പെടുത്തിയ പ്രശാന്ത് ചട്ടം ലംഘിച്ചോയെന്ന് അറിയാന്‍ മാത്രം അന്വേഷണ സംഘം കണ്ണൂര്‍ വരെ പോകേണ്ടി വന്നു.

പ്രശാന്ത് താല്‍ക്കാലിക ജീവനക്കാരനാണോ എന്നതിന് പോലും ആദ്യഘട്ടത്തില്‍ ആരോഗ്യവകുപ്പിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് പ്രശാന്തിനെതിരെ നപടിയെടുത്ത് തടിയൂരാനുളള ശ്രമം. ഉന്നത സിപിഎം ബന്ധങ്ങളുളള പ്രശാന്തിനെതിരെ കൂടുതല്‍ അന്വേഷമുണ്ടാകുമോ നടപടി സസ്പന്‍ഷനില്‍ ഒതുങ്ങുമോ എന്നത് ഇനി കണ്ടറിയണം.

ENGLISH SUMMARY:

Kannur ADM Naveen Babu Death; Suspension of petrol pump applicant T.V. Prasanth