തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസ് കടന്നുപോകുന്നതിനിടെ കണ്ണൂരില്‍ വന്‍ അപകടത്തിന് കാരണമാകുമാറ് കൂറ്റന്‍ യന്ത്രം പാളത്തിലൂടെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പയ്യന്നൂരില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന കൂറ്റന്‍ യന്ത്രമാണ് ഡ്രൈവര്‍ പാളത്തിലേക്ക് ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
തിരുവനന്തപുരം– മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് പയ്യന്നൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കവേയാണ് ഡ്രൈവര്‍ സാഹസികമായി യന്ത്രം കടത്താന്‍ ശ്രമിച്ചത്. പാളത്തിലൂടെ വാഹനം കയറിയത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് കൃത്യസമയത്ത് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് വേഗത കുറച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. ALSO READ: ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ വന്‍ തിക്കും തിരക്കും; 9 പേര്‍ക്ക് പരുക്ക്...
'അമൃത് ഭാരത് പദ്ധതി'യുടെ ഭാഗമായുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് പയ്യന്നൂർ സ്റ്റേഷനിൽ നടക്കുന്നത്. ഇതിനോട് അനുബന്ധിച്ച നിർമാണ പ്രവർത്തനങ്ങൾക്കാണ് സമാനമായ യന്ത്രം എത്തിച്ചത്. അപകടം തിരിച്ചറിഞ്ഞതോടെ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് കയറും മുൻപ് തന്നെ അതിവേഗത്തില്‍ മിക്സിങ് യൂണിറ്റ് തള്ളി നീക്കി. ഇതോടെ സഡൻ ബ്രേക്ക് ഇട്ട് വേഗത കുറച്ചുവെങ്കിലും ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ തന്നെ ട്രെയിന്‍ കടന്നുപോകാനായി.