പെട്രോൾ പമ്പിന്  അനുമതി നേടിയ ടിവി പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തതോടെ  വെട്ടിലായി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. ഈ സാഹചര്യത്തിൽ ദിവ്യക്കെതിരെ പാർട്ടി നടപടി അനിവാര്യമാണ്. ദിവ്യയുടെ അറസ്റ്റിനായി കാത്തിരിക്കാൻ തീരുമാനിച്ച അന്വേഷണസംഘം കൂടുതൽ പേരിൽ നിന്ന് മൊഴിയെടുക്കുകയാണ്.  അതിനിടെ ദിവ്യയെ ഒളിവിൽ താമസിപ്പിക്കുന്നത്  സിപിഎം ആണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. 

സാമ്പത്തിക ലാഭത്തിനായി നിയമവിരുദ്ധ വഴിയിലൂടെ പെട്രോൾ പമ്പിന് അനുമതി കരസ്ഥമാക്കിയ ടിവി പ്രശാന്തിന് വേണ്ടിയാണ് പി പി ദിവ്യയുടെ ഇടപെടൽ എന്ന് ആരോഗ്യവകുപ്പിന്റെ നടപടിയിലൂടെ തെളിഞ്ഞു. ഇതോടെ ദിവ്യയുടെ ഇടപെടൽ സിപി പറയുന്നത് പോലെ അത്ര സദുദ്ദേശപരമല്ല എന്നും വ്യക്തമായി. ഇതോടെ ദിവ്യക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതരാവുകയാണ് സിപിഎം.   അതേസമയം ദിവ്യയുടെ അറസ്റ്റിനായി കാത്തിരിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കൂടുതൽ പേരിൽ നിന്ന് മൊഴിയെടുക്കൽ തുടരുകയാണ്. ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാരിൽ നിന്നാണ് മൊഴിയെടുക്കുന്നത്. ദിവ്യ ഒളിവിൽ ആണെന്നാണ് പോലീസിന്റെ വാദം. എന്നാൽ ദിവ്യയെ സംരക്ഷിക്കുന്നതും ഒളിവിൽ താമസിപ്പിക്കുന്നതും സിപിഎം തന്നെയാണെന്ന് ബിജെപി ആരോപിച്ചു. 

ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്തതിനെ പറ്റി പ്രതികരിക്കാൻ തയ്യാറാകാതിരുന്ന മന്ത്രി കെ രാജൻ അന്വേഷണം ശരിയായ ദിശയിൽ ആണെന്ന് ആവർത്തിച്ചു. ചൊവ്വാഴ്ചയാണ് ദിവ്യയുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ  തലശ്ശേരി പ്രിൻസിപ്പൽസ് സെഷൻസ് കോടതി വിധി പറയുക. 

ENGLISH SUMMARY:

Naveen babu's death TV Prasanth who filed complaint against adm suspended from service