തൃശൂര്‍ പൂരം ത്രിതല അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേസെടുത്താല്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാകും. വെടിക്കെട്ട് മാത്രമല്ല തടസപ്പെട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. സിപിഎമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുന്നുവെന്നും എല്‍ഡിഎഫ് ശിഥിലമാകുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ പൂരം കലക്കല്‍ വിവാദങ്ങളിലേക്ക് ദേവസ്വങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് അഭ്യര്‍ഥിച്ച് തിരുവമ്പാടി ദേവസ്വം. ത്രിതല അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ദേവസ്വം പ്രതിനിധികളുടെ മൊഴിയെടുത്തില്ല. അന്വേഷണവുമായി സഹകരിക്കാമെന്ന് ദേവസ്വം അന്ന് തന്നെ വ്യക്തമാക്കിയതാണെന്നും സെക്രട്ടറി കെ. ഗിരീഷ്കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം പ്രതിസന്ധിയിലാണ്. എഡിജിപി എം.ആര്‍ അജിത്കുമാറായിരുന്നു ആദ്യം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ദേവസ്വങ്ങളെ കുറ്റപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തിയാല്‍ ദേവസ്വങ്ങളെ പ്രതി ചേര്‍ക്കേണ്ടി വരും. നിലവില്‍ അത് വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.