''ബസിന് പിറകില്‍ എന്തോ പ്രശ്നം ആദ്യം തോന്നി. പെട്ടെന്ന് അപായ മെസേജ് വന്നു. ഉടനെ തന്നെ ബസ് ഒതുക്കി നിര്‍ത്തി .യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കി. എന്നിട്ട് ഞങ്ങള്‍ പരിശോധിക്കുകയായിരുന്നു. പെട്ടെന്നാണ് തീപിടിച്ചത്. ഉടനെ വണ്ടിയിലുണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങളെല്ലാം എടുത്ത് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആളി പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കടകളില്‍ നിന്നെല്ലാം അഗ്നിശമന ഉപകരണങ്ങള്‍ കൊണ്ടുവന്ന് തീകെടുത്താന്‍ നോക്കി. പക്ഷെ കെടുത്താനായില്ല. പിന്നെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും ബസ് പൂര്‍ണമായി കത്തിനശിച്ചു.'' ബസിന്‍റെ ഡ്രൈവര്‍ പറയുന്നു.
എറണാകുളത്ത് നിന്ന് തൊടുപുഴയ്ക്ക് പുറപ്പെട്ട ബസിനാണ് തീപിടിച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. കെ.എസ്.ആര്‍.ടി.സി. എസി ലോ ഫ്ലോര്‍ ബസാണ് കത്തിനശിച്ചത്. ബസില്‍ ധാരാളം യാത്രക്കാരുണ്ടായിരുന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചത്.