തൃശൂർ പൂരം കലക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. തുടരന്വേഷണത്തിനായി എഫ്.ഐ.ആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി . മത ആഘോഷം തടസപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പ്രതിഭാഗത്തിൽ ആരുടേയും പേരുകൾ പരാമർശിച്ചിട്ടില്ല. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാകും തുടരന്വേഷണം. ത്രിതല അന്വേഷണം സ്തംഭിച്ചെന്ന വിമർശനങ്ങൾക്കിടെയാണ് പൊലീസ് കേസെടുത്തത്. പൂരം കലങ്ങിയിട്ടില്ല , കലക്കാൻ ശ്രമിച്ചെന്നാണ് സർക്കാർ നിലപാട് .

പൂരം ഗൂഢാലോചന കേസില്‍ ദേവസ്വം പ്രതിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാര്‍. ദേവസ്വം പൂരം തടയുന്നവരല്ല. പൂരം നടത്തുന്നവരാണ്. കഴിഞ്ഞ പൂരത്തിന് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ തടസങ്ങള്‍ സൃഷ്ടിച്ചു. തെറ്റു ചെയ്തവര്‍ ആരാണെങ്കിലും അനുഭവിക്കണമെന്ന് ഗിരീഷ്കുമാര്‍ തൃശൂരില്‍ പറഞ്ഞു. 

പൂരം കലക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽ കേസെടുത്തതില്‍ പ്രതിഷേധം. കേസ് അംഗീകരിക്കാനാവില്ലെന്ന് പാറമേക്കാവ് ദേവസ്വം. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. പിന്നെ ആരാണ് കേരളം ഭരിക്കുന്നത് എന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ചോദിച്ചു. പൂരം സംഘാടകരുടെ വീര്യം തകര്‍ക്കുന്നതാണ് കേസെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരത്തില്‍ ആചാരഭംഗം നടന്നുവെന്ന് കെ മുരളീധരന്‍.സഹികെട്ട് ദേവസ്വം പൂരം നിര്‍ത്തിവച്ചതാണെന്നും പിന്നീട് തുരാന്‍ തീരുമാനിക്കുകായിരുന്നുവെന്നും മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Thrissur East Police registered a case on the allegation that there was a conspiracy to disruption of the Thrissur Pooram