പൂരം അലങ്കോലപ്പെട്ടെന്ന വാദങ്ങള്‍ തള്ളി വീണ്ടും മുഖ്യമന്ത്രി. പൂരം കലങ്ങിയെന്ന് സ്ഥാപിക്കുക സംഘപരിവാറിന്‍റെ ലക്ഷ്യമാണെന്നും പ്രതിപക്ഷം ഇതേ വാദം ഉന്നയിക്കുന്നത് സംഘപരിവാറിന്‍റെ ബി ടീമായതിനാലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പൂരം നടക്കേണ്ട രീതിയിലല്ല നടന്നതെന്നും കലക്കാന്‍ ഗൂഢാലോചന നടന്നെന്നുമുള്ള സിപിഐ വാദവും തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം മാത്രമാണ് ഉണ്ടായത്. ചില ആചാരങ്ങള്‍ ചുരുക്കേണ്ടി വന്നു, വെടിക്കെട്ട് രാവിലെ മാത്രമേ നടന്നുള്ളൂ. സമാപന വെടിക്കെട്ടും വൈകി, ദീപാലങ്കാരം അണയ്ക്കുന്ന  നടപടിയും ഉണ്ടായി. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂരം അലങ്കോലപ്പെട്ടെന്ന് വ്യക്തമാക്കി പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തശേഷമാണ്  ഇത്തരത്തിലുള്ള മുഖ്യമന്ത്രിയുടെ വിശദീകരണക്കുറിപ്പ് .

എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചിട്ട് ഇനിയെന്ത് അന്വേഷണമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ത്രിതല അന്വേഷണം പ്രഹസനമായെന്നും ചെന്നിത്തല മനോരമ ന്യൂസിനോട് പറഞ്ഞു. കലങ്ങിയില്ലെന്ന ന്യായം എ.ഡി.ജി.പിയെ രക്ഷിക്കാനെന്ന് ടി.എന്‍.പ്രതാപനും പറയുന്നു.

അതേസമയം, പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാനെന്ന് കെ.മുരളീധരന്‍. മുഖ്യമന്ത്രിയും കൂട്ടരും ആര്‍.എസ്.എസിന്റെ എ ടീമായി വളര്‍ന്നു. തൃശൂര്‍ പൂരത്തിന് ആചാരം തടസ്സപ്പെട്ടു. പുലര്‍ച്ചെ 3ന് നടക്കേണ്ട വെടിക്കെട്ട് രാവിലെ 7ന് നടത്താന്‍ സര്‍ക്കാര്‍ പരിപാടിയാണോ? എന്നും കെ.മുരളീധരന്‍ ചോദിച്ചു.

എന്നാല്‍ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു വിരുദ്ധമാണ് എഫ്.ഐ.ആറിലെ വിവരങ്ങള്‍. ‘ജാതി,മത,രാഷ്ട്രീയ ഭേദമെന്യേ ആഘോഷിക്കുന്ന തൃശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തി. സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മതവികാരങ്ങളും വിശ്വാസങ്ങളും അവഹേളിച്ചു. വ്രണപ്പെടുത്തി. സമൂഹത്തില്‍ ലഹളയുണ്ടാക്കാനായി കുറ്റകരമായ ഗൂഢാലോചന നടത്തി. പൂരം അലങ്കോലപ്പെടുത്താന്‍ പ്രതികള്‍ പരസ്പരം സഹായികളും ഉല്‍സാഹികളുമായി പ്രവര്‍ത്തിച്ചു...’ എന്നിങ്ങനെയാണ് എഫ്ഐആറില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ പ്രകാരം മതവിശ്വാസങ്ങളെ വ്രണപ്പെടുത്തല്‍. 120 ബി പ്രാകാരം ഗൂഢാലോചന. 153 പ്രകാരം സമൂഹത്തില്‍ ലഹളയുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നു. ALSO READ: ‘പ്രതികള്‍ പരസ്പരം സഹായിച്ച് പൂരം കലക്കി; ലഹളയ്ക്കും ശ്രമം’; മുഖ്യമന്ത്രിയെ തള്ളി എഫ്.ഐ.ആര്‍...

പൂരത്തിന്റെ സംഘാടകരുടെ വീര്യം തകര്‍ക്കുന്നതാണ് എഫ്.ഐ.ആറെന്ന് പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു. ദേവസ്വം ഭാരവാഹികള്‍ പ്രതിയല്ലെന്ന് തിരുവമ്പാടിയും വ്യക്തമാക്കി. പൂരം കലക്കിയവരെന്ന് സംശയിക്കുന്നവരുടേയോ രാഷ്ട്രീയ പാര്‍ട്ടികളുടേയോ പേര് നിലവില്‍ എഫ്.ഐ.ആറില്‍ ഇല്ല. തൃശൂര്‍ ഈസ്റ്റ് പൊലീസ് റജിസ്റ്റര്‍ െചയ്ത എഫ്.ഐ.ആര്‍. പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. 

ENGLISH SUMMARY:

Chief Minister, Pinarayi Vijayan has once again dismissed that the Pooram festival was spoiled. He stated that the goal of the Sangh Parivar is to establish that the festival was ruined. He also pointed out that the opposition's arguments as exaggerated propaganda.