എഡിഎമ്മിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് ഒളിവിലായിരുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്തന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്കുമാര്‍. എന്നാല്‍  ദിവ്യയെ കസ്റ്റഡിയിലെടുത്തത് എവിടെ നിന്നാണെന്ന് വെളിപ്പെടുത്താന്‍ കമ്മിഷണര്‍ തയ്യാറായില്ല. എവിടെ നിന്ന് പിടികൂടിയെന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അത്യന്തം പ്രധാന്യമുള്ള കേസാണിതെന്നും പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച ശേഷം സ്ഥലം വെളിപ്പെടുത്താമെന്നുമായിരുന്നു കമ്മിഷണറുടെ മറുപടി. Also Read: ഒളിച്ചുകളി കഴിഞ്ഞു; പി.പി ദിവ്യ കസ്റ്റഡിയില്‍; ചോദ്യം ചെയ്യും

ദിവ്യ പൊലീസിന്‍റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. അവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയായിരുന്നു കസ്റ്റഡിയിലെടുക്കുന്നതിന് തടസമയിരുന്നത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതോടെ  അവരെ കസ്റ്റഡിയിലെടുത്തു. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. ദിവ്യയെ വിശദമയി ചോദ്യം ചെയ്യേണ്ടതുണ്ട് . അതിനുശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് പോവുക. കസ്റ്റഡി അപേക്ഷ നല്‍കണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അതിനുശേഷം തീരുമാനമെടുക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

ദിവ്യയെ പിടികൂടുന്നതില്‍  പൊലീസിന് വീഴ്ചയുണ്ടായെന്ന ആക്ഷേപം  കമ്മിഷണര്‍ തള്ളി . കേസിന്‍റെ നടപടിക്രമങ്ങളിലേക്ക് കടന്നപ്പോള്‍ തന്നെ ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി . അതില്‍ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കുകമാത്രമാണുണ്ടായത് . 38പേജുള്ള വിധിന്യായമാണ് പുറത്തുവന്നിട്ടുള്ളത് . അതില്‍ പ്രോസിക്യൂഷന്‍റ ഗൗരവപൂര്‍വമാണ് ഈ കേസ് പരിഗണിച്ചതെന്ന് കുറഞ്ഞത് 10 തവണയെങ്കിലും പറയുന്നുണ്ട് .  ഈ കേസ് കൈകാര്യം ചെയ്ത പൊലീസ് സംഘത്തെ അഭിനന്ദിക്കുകയാണ് . ദിവ്യ രാഷ്ട്രീയ നേതാവാണ് എന്നതുകൊണ്ടുള്ള സമ്മര്‍ദങ്ങളൊന്നും അന്വേഷണസംഘത്തിനില്ല. ഒന്നും രഹസ്യമാക്കി വയ്ക്കുന്നില്ല . പ്രതിയെ സ്റ്റേഷനിലെത്തിച്ച ശേഷം എല്ലാകാര്യങ്ങളും പറയാം . സുരക്ഷാ വിഷയങ്ങളുള്ളതുകൊണ്ടാണ് കൂടുതലൊന്നും പറയാത്തതെന്നും കമ്മിഷണര്‍ പറഞ്ഞു

ENGLISH SUMMARY:

Kannur City Police Commissioner Ajith Kumar was not ready to disclose the details of P.P. Divya's custody. He stated that the police would question Divya and take action accordingly.