• ‘പൊലീസ് പറയുന്നതുപോലെ കസ്റ്റഡിയില്‍ എടുത്തതല്ല, കീഴടങ്ങിയതാണ്’
  • ‘മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്’
  • ‘വി.ഐ.പി പ്രതിയല്ലേ, അതുകൊണ്ടാണ് പൊലീസ് സംരക്ഷിക്കുന്നത്’

സി.പി.എമ്മാണ് പി.പി.ദിവ്യയെ പാര്‍ട്ടിഗ്രാമത്തില്‍ ഒളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പൊലീസ് പറയുന്നതുപോലെ കസ്റ്റഡിയില്‍ എടുത്തതല്ല, കീഴടങ്ങിയതാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. വി.ഐ.പി പ്രതിയല്ലേ, അതുകൊണ്ടാണ് പൊലീസ് സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ദിവ്യയുടെ കസ്റ്റഡി ആശ്വാസകരമെന്ന് എഡിഎം നവീന്‍ ബാബുവിന്‍റ ഭാര്യ മഞ്ജുഷ. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു അവര്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആശങ്കമാറിയെന്ന് റവന്യുമന്ത്രി കെ.രാജന്‍. കൃത്യമായ നീതിലഭ്യമാക്കും. കാലതാമസമുണ്ടായില്ലേ എന്ന ചോദ്യത്തിന് എല്ലാം പകല്‍പോലെ വ്യക്തമെന്നും മന്ത്രിയുടെ മറുപടി. 

അതേസമയം, കണ്ണൂര്‍ എ.ഡി.എമ്മിന്റെ ആത്മഹത്യാക്കേസില്‍ സി.പി.എം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ പി.പി.ദിവ്യ ഒടുവില്‍ പൊലീസ് കസ്റ്റഡിയില്‍.  കണ്ണപുരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ദിവ്യയെ പൊലീസ് കണ്ണൂരില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. ദിവ്യയുടെ കസ്റ്റഡിക്ക് പിന്നിലെ പൊലീസ്– പാര്‍ട്ടി തിരക്കഥയും വെളിച്ചത്തുവന്നു. 

ഉച്ചയോടെ ദിവ്യ ഡ്രൈവര്‍ക്കൊപ്പം കാറില്‍ കണ്ണപുരം ഭാഗത്തെത്തി. വഴിയില്‍വച്ച് ദിവ്യയുടെ വാഹനത്തെ പൊലീസ് തടഞ്ഞു. താന്‍ കീഴടങ്ങാന്‍ വരികയായിരുന്നു എന്ന് ദിവ്യ പൊലീസിന് ആദ്യമൊഴി  നല്‍കി. കീഴടങ്ങുകയാണെന്ന് ദിവ്യയ്ക്കും കസ്റ്റഡിയില്‍ എടുക്കുന്നുവെന്ന് പൊലീസിനും വാദിക്കാന്‍ വഴിയൊരുക്കി എന്നാണ് ആക്ഷേപം. 

എന്നാല്‍ പൊലീസിന് വീഴ്ചയില്ലെന്നും പി.പി.ദിവ്യ നിരീക്ഷണത്തിലായിരുന്നുവെന്നും കമ്മിഷണര്‍ അജിത്ത്കുമാര്‍ അവകാശപ്പെട്ടു. എ.ഡി.എം. ആത്മഹത്യ ചെയ്ത് പതിനഞ്ചാംനാളാണ് പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്.     

ENGLISH SUMMARY:

CPM hide PP Divya in party village: VD Satheesan