തൃശൂര്‍ പൂരം തടസപ്പെട്ട രാത്രിയിലെ ആംബുലന്‍സ് യാത്ര വിവാദത്തില്‍ മാധ്യമങ്ങളോട് പറയാന്‍ മനസില്ലെന്നും സിബിഐയോട് പറയുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിവാദത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മൂവ് ഔട്ട് എന്ന് ധാര്‍ഷ്ട്യത്തോടെ സുരേഷ് ഗോപി പ്രതികരിച്ചു. സുരേഷ് ഗോപിയുടെ നാവിന് ലൈസന്‍സ് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.
തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ തടസപ്പെട്ടപ്പോള്‍ പൂരനഗരിയിലേയ്ക്ക് താന്‍ പോയത് ആംബുലന്‍സില്‍ അല്ല ബിജെപി ജില്ലാ അധ്യക്ഷന്‍റെ കാറിലായിരുന്നുവെന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപി അവകാശപ്പെട്ടത്. പൂരം കലക്കല്‍ വിവാദത്തില്‍ സിബിഐ അന്വേഷണത്തിന് സുരേഷ് ഗോപി വെല്ലുവിളിച്ചു. എന്നാല്‍ ബിജെപി ജില്ല അധ്യക്ഷന്‍റെ പ്രതികരണവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളും സുരേഷ് ഗോപിയുടെ വാദത്തിന് എതിരാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് പരുഷമായാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
സിബിഐയോട് പറഞ്ഞോളാം നിങ്ങളോട് പറയാന്‍ മനസില്ലെന്നായി സുരേഷ് ഗോപിയുടെ തുടര്‍ന്നുള്ള പ്രതികരണം.
സുരേഷ് ഗോപിയുടെ നാവിന് ലൈസന്‍സില്ലെന്നും ആരും നിയന്ത്രിക്കാനില്ലെന്ന ശൈലിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പരിഹസിച്ചു.