വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടിൽ എം.സി. യാക്കോബ് ലോട്ടറി ജേതാവ്. മൂന്നുമാസം മുൻപ് സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് യാക്കോബിന് ലഭിച്ചത്. സമ്മാനത്തുകയായ 75ലക്ഷം രൂപ മൂന്ന് ആഴ്ച മുന്‍പാണ് യാക്കോബ് കൈപ്പറ്റിയതും. സന്തോഷകരമായി കഴിയുന്നതിനിടെയാണ് കുടുംബത്തെ സങ്കടത്തിലാക്കി അപകടമുണ്ടാകുന്നത്.
കോലഞ്ചേരിക്കടുത്ത് മൂശാരിപ്പടിയില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വൈകീട്ട് ആറോടെ മൂശാരിപ്പടിയില്‍നിന്ന് വരികയായിരുന്ന യാക്കോബ്, കടയിലേക്ക് തിരിയുന്നതിനിടെ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പുതുപ്പനത്ത് യൂസ്ഡ് കാർ ഷോറൂമിലെ ജീവനക്കാരനായിരുന്നു യാക്കോബ്.