vyttila

വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പുതിയ പരിഷ്കാരങ്ങള്‍ ഉടന്‍. ജംഗ്ഷനിലെ മെട്രോ പില്ലറിന് താഴെയുള്ള കോണ്‍ക്രീറ്റ് തിട്ടകള്‍ പൊളിച്ചു നീക്കാനും, ഹബ്ബിലേക്ക് പോകാനുള്ള ബസുകളുടെ യു ടേണ്‍ ഒഴിവാക്കാനുമാണ് ആലോചന.

ഗതാഗതമന്ത്രിയുടെ നിര്‍ദേശ പ്രകാരം ദേശീയ പാതയില്‍ അങ്കമാലി മുതല്‍ കൊച്ചി വരെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരികയാണ്. ഇതിന്‍റെ ഭാഗമായാണ് വൈറ്റിലയിലെ കുരുക്കിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. 

ഇടപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി പ്ളാൻ തയ്യാറാക്കി. വൈറ്റില ജംഗ്ഷനിലെ മെട്രോ പില്ലറിനടിയിലുള്ള ട്രാഫിക് ഐലന്‍റുകള്‍ ഒഴിവാക്കിയും തിട്ടകൾ നീക്കംചെയ്തുമാണ് പുതിയ പരിഷ്ക്കാരം നടപ്പിലാക്കുക. 

 

ഹബ്ബിലേക്കുള്ള ബസുകളുടെ യു ടേണ്‍ ഒഴിവാക്കും. ബസുകളെ നേരിട്ട് കണിയാമ്പുഴ റോഡിലൂടെ ഹബ്ബിലേക്ക് കടത്തി വിടാനാണ് ആലോചന. ഇതോടെ വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് കണക്കുകൂട്ടല്‍. അടുത്തിടെ കളമശേരിയിലും ഇടപ്പള്ളിയിലും നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ ഗതാഗതക്കുരുക്ക് കുറച്ചുവെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വിലയിരുത്തല്‍.

ENGLISH SUMMARY:

New reforms will soon be implemented to address the traffic congestion in Vyttila.