വയനാട് ചുണ്ടേൽ ആനപ്പാറയിൽ ജനവാസ മേഖലയിലിറങ്ങിയ നാലു കടുവകളെ പിടികൂടാൻ അപൂർവ സാഹസിക ദൗത്യവുമായി വനം വകുപ്പ്. ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ് എന്ന് പേരിട്ട ദൗത്യത്തിനായി കൂടു സ്ഥാപിച്ചു. നാലു കടുവകളെ ഒന്നിച്ചു പിടികൂടുന്ന ദൗത്യം ഇന്ത്യയിൽ തന്നെ ആദ്യമായാണ്.
എട്ടു വയസ്സുള്ള തള്ളക്കടുവയും ഒരു വയസു വീതമുള്ള മൂന്നു കുട്ടിക്കടുവകളും. കഴിഞ്ഞ കുറെ ദിവസങ്ങളായി ചുണ്ടേൽ ആനപ്പാറക്കാരുടെ ഉറക്കം കെടുത്തുന്നത് ഈ നാൽവർ സംഘമാണ്. ഒറ്റ ദിവസം കൊണ്ട് പ്രദേശത്തെ മൂന്നു പശുക്കളെ കൊന്നു. ജനവാസ മേഖലയിൽ പല തവണ പ്രത്യക്ഷപ്പെട്ടു. ജനങ്ങൾ ആശങ്കയിലായതോടെ സംഘത്തെ പിടികൂടാൻ വനം വകുപ്പ് വൻ ദൗത്യത്തിനു തുടക്കമിട്ടു.
ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ് എന്ന് പേരിട്ടാണ് ദൗത്യം..മൈസൂരിൽ നിന്നും 32 അടി നീളവും 12 അടി ഉയരവുമുള്ള ഭീമൻ കൂടെത്തിച്ച് പ്രദേശത്തു സ്ഥാപിച്ചു. കൃത്യമായ നിരീക്ഷണത്തോടെ ശ്രദ്ധയോടെ ദൗത്യം തുടങ്ങും പൂർത്തിയാക്കും.
സാഹസികവും ഏറെ സമയവും ആവശ്യമുണ്ട്. മുമ്പ് കർണാടകയിൽ ഇത്തരത്തിൽ ഒരു ദൗത്യം വിജയിച്ചിട്ടുണ്ട്. അന്ന് മൂന്നു കടുവകളെ പിടികൂടാൻ ഉപയോഗിച്ച കൂടാണിത്. പ്രദേശത്തേക്ക് കടുവ ഇറങ്ങുന്ന മുറക്ക് കൂട്ടിൽ അകപ്പെടും എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.
ഉത്തരമേഖലാ സി.സി.എഫ് കെ.എസ് ദീപക്കാണ് ദൗത്യത്തിന്റെ ഏകോപന ചുമതല. സൗത്ത് വയനാട് ഡി എഫ് ഓ അജിത് കെ രാമൻ കർണാടകയിലെ ദൗത്യത്തിന് നേതൃത്വം നൽകിയപ്പോൾ ഉദ്യോഗസ്ഥർ. വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ, ഡോ. അജേഷ് മോഹൻദാസ് എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്. ജനങ്ങളുടെ ആശങ്ക ഉടൻ പരിഹരിക്കാനാകുമെന്നാണ് വനംവകുപ്പിന്റെ ഉറപ്പ്.