വയനാട്ടിലാകെ തിരഞ്ഞെടുപ്പ് പ്രചരണം മുറുകുകയാണ്. വോട്ടെടുപ്പിന് രണ്ടാഴ്ച്ച മാത്രം ശേഷിക്കേ പരമാവധി വോട്ടർമാരെ കാണാനുള്ള ഓട്ടത്തിലാണ് മുന്നണികളും. പ്രിയങ്കയും രാഹുലും പിണറായി വിജയനും സുരേഷ് ഗോപിയും അടുത്താഴ്ച്ച മണ്ഡലത്തിലെത്തും. അതേ സമയം ഇക്കുറി മത്സരിക്കുന്ന 16 പേരിൽ 11 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നതാണ് പ്രത്യേകത...
മൂന്നു മുന്നണികളും മൂന്നാം ഘട്ട പര്യടനം പൂർത്തിയാക്കിയിട്ടുണ്ട്, മത മേലധ്യക്ഷന്മാരെ സന്ദർശിച്ചും വീടു കയറിയും പ്രചരണം ചൂടുപിടിക്കുകയാണ്. വയനാട് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കേന്ദ്രീകരിച്ചാണ് ഇന്ന് സത്യൻ മൊകേരിയുടെയും നവ്യ ഹരിദാസിന്റെയും പര്യടനം. മുന്നാം ഘട്ട പ്രചരണത്തിന് പ്രിയങ്ക ഗാന്ധി 3 ന് മണ്ഡലത്തിലെത്തും. രാഹുലും ഒപ്പമുണ്ടാകും. എട്ടാം തിയതി വരെ മണ്ഡലത്തിൽ തുടരും. മണ്ഡലത്തിൽ പെട്ട എല്ലാ പഞ്ചായത്തുകളിലും പ്രിയങ്കയുടെ സാന്നിധ്യം ഉറപ്പിക്കും.
6 ന് മുഖ്യമന്ത്രി പിണറായി വിജയനും 7 ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മണ്ഡലത്തിൽ പ്രചരണത്തിനെത്തും. കഴിഞ്ഞ തവണത്തേക്കാൾ മികച്ച പോരാട്ടമാണ് മൂന്നു മുന്നണികളുടെയും പ്രതീക്ഷ. 16 സ്ഥാനാർഥികളാണ് വയനാടൻ പോരിൽ അങ്കത്തിനുള്ളത്. ഒരു സ്വതന്ത്രനൊഴിച്ചാൽ ബാക്കി 15 പേരും മണ്ഡലത്തിനു പുറത്തുള്ളവരാണ്. അതിൽ തന്നെ 11 പേര് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും...