mar-thomas

മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു. സെന്റ് മേരീസ് മെത്രപ്പൊലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചടങ്ങിനുശേഷം പൊതുസമ്മേളനവും അതിരൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദി പ്രകാശനവും നടന്നു. 

 

മെത്രാൻമാരും വൈദികരും ചേർന്നാണ് മാർ തോമസ് തറയിലിനെ പള്ളിയങ്കണത്തിലെ താൽക്കാലിക മദ്ബഹയിലേക്ക് പ്രദക്ഷിണമായി ആനയിച്ചത്. ഒൻപതരയോടെ സ്ഥാനാരോഹണ ശുശ്രൂഷകൾ തുടങ്ങി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു. അതിരൂപത ചാന്‍സലര്‍ ഫാദര്‍ ഐസക് ആലഞ്ചേരി നിയമനപത്രം വായിച്ചു. കുർബാനമധ്യേ സ്ഥാനികചിഹ്നങ്ങള്‍ നൽകി മാര്‍ തോമസ് തറയിലിനെ മദ്ബഹയില്‍ ഉപവിഷ്ടനാക്കി.

ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയാണ് സന്ദേശം നൽകിയത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയും യൂറോപ്യൻ സഭാപ്രതിനിധികളും ഇതരസഭകളുടെ അധ്യക്ഷന്മാരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കുചേർന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. അതിരൂപതയുടെ അഞ്ചാമത്തെ ആർച്ച് ബിഷപ്പും ഒൻപതാമത്തെ ബിഷപ്പുമാണ് മാർ തോമസ് തറയിൽ. 17 വർഷം നീണ്ട സേവനത്തിന് ശേഷമാണു മാർ ജോസഫ് പെരുന്തോട്ടം സ്ഥാനം ഒഴിയുന്നത്. 

ENGLISH SUMMARY:

Mar Thomas tharayil elected as archbishop Changanacherry