നവകേരള സദസ് കഴിഞ്ഞ് വർഷമൊന്നായിട്ടും സദസിന്റെ പേരിൽ ഉദ്യോഗസ്ഥരുടെ പണപ്പിരിവ്. തൊടുപുഴയിലെ സദസൊരുക്കാൻ ചിലവായ ഒരു ലക്ഷം രൂപ നൽകാൻ കേരള ബാങ്കിനോട് അവശ്യപ്പെട്ട് ഇടുക്കി ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിയുടെ കത്ത്. കഴിഞ്ഞ മാസം അയച്ച കത്തിൽ പണം ഡെക്കറേഷൻ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നാണ് ആവശ്യം. കത്തിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

നാടാകെ പിരിവെടുത്ത് ലക്ഷങ്ങൾ പൊടിപൊടിച്ച മാമാങ്കം. അടിപിടിയും തല്ലുമാലയും ഷൂവേറും രക്ഷപ്രവർത്തനവുമടങ്ങുന്ന കലാപരിപാടികൾ വേറെ. ഭരണപക്ഷവും പ്രതിപക്ഷവും എല്ലാം മറന്നിരിക്കുമ്പോൾ ഉദ്യോഗസ്ഥർ കണക്കുകൾകൂട്ടിക്കിഴിച്ച് പിരിവിനിറങ്ങുന്ന തിരക്കിലാണ്.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പിരിവ് ചോദിച്ചത് കേരള ബാങ്കിനോടാണെങ്കിലും കത്തിൽ ചെറിയൊരു അക്ഷരതെറ്റ് കയറിക്കൂടി. എങ്കിലും കത്ത് കേരള ബാങ്കിൽ തന്നെ കിട്ടിബോധിച്ചു. ഒരു ലക്ഷമാണ് ആവശ്യം. നൽകേണ്ടത് ജ്യോതി ഡെക്കറേഷന്റെ അക്കൗണ്ടിലേക്ക്. അക്കൗണ്ട് നമ്പറും വിവരങ്ങളും ചുവടെ. എന്നാൽ പിരിവ് കത്തിനെ കുറിച്ച് അറിവില്ലെന്നാണ് സംഘാടകസമിതിയുടെ വിശദീകരണം.

പിരിവ് നടത്താൻ നിർബന്ധിക്കുകയാണെന്നും മാനസിക സമ്മർദ്ദത്തിലാണെന്നും ചൂണ്ടിക്കാട്ടി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരി നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണം നടന്നുവരികയാണ് . തൊടുപുഴയിൽ നടത്തിയ നവകേരള സദസിന് കുടിശികയില്ലെന്നാണ് സംഘാടകസമിതി സെക്രട്ടറി പറയുന്നത്. അങ്ങനെയെങ്കിൽ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കത്തയച്ചത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ്.