മലയാളിയുടെ കലാ സാഹിത്യ വാസനകളുടെ ചിന്താമണ്ഡലത്തിൽ അടയാളപ്പെടുത്തി വയ്ക്കാവുന്ന മനോരമ ഹോർത്തൂസ് കലാ സാഹിത്യോൽസവത്തിന്‍റെ ഒന്നാം വേദിയിൽ വയനാടിന്റെ ശബ്ദം ഉയര്‍ന്നു. ദുരന്തബാധിതരും എംഎല്‍എ ടി.സിദ്ദിഖും ചർച്ചയിൽ പങ്കെടുത്തു.
വയനാടിന്റെ ശബ്ദം കേൾപ്പിക്കാൻ ഇന്നും മനസിനൽപ്പം ധൈര്യവും കരളുറപ്പും വേണം എന്നതിന് നൗഫലിന്‍റെ വാക്കുകൾ സാക്ഷി. വയനാടിന്റെ ദുരന്തത്തിന്‍റെ നേർച്ചിത്രം വരച്ചിടുകയായിരുന്നു ആ അതിജീവനത്തിന് സാക്ഷിയായ മനോജ്. ചൂരൽമല പന്ത്രണ്ടാം വാർഡ് മെമ്പർ നൂറുദീന് ഞെട്ടലോടെ മാത്രമേ ഇപ്പോഴും ആ ദിവസത്തെ ഓർക്കാനാവുന്നുള്ളു. ടി.സിദ്ദിഖ് ഒരു ജനപ്രതിനിധിയുടെ ആധികാരികതയോടെ ഇടപെട്ട് സംസാരിച്ചു.
സർക്കാർ എടുക്കുന്ന നടപടികളിൽ വിമർശനത്തിനോ അതൃപ്തി പ്രകടിപ്പിക്കാനോ വേദി ഉപയോഗിച്ചില്ല, പകരം തങ്ങൾക്ക് ഇനി എന്തുവേണം എന്നത് അവർ ഉറപ്പിച്ച് പറഞ്ഞു. മുന്നറിയിപ്പ് സംവിധാനമായിരുന്നു പ്രധാന ആവശ്യം. ഇനിയും എന്റെ ജനങ്ങളെ നിങ്ങൾ ഇരുട്ടിൽ നിർത്തല്ലേ എന്ന് പറയുമ്പോൾ നൂറുദീൻ ഒരു വാർഡ് മെമ്പർ മാത്രമായിരുന്നില്ല.. ഉറ്റവരെ നഷ്ടപ്പെട്ട ഒരു മുണ്ടക്കൈക്കാരനായിരുന്നു. ഒരു സാഹിത്യോത്സവ വേദിയിൽ ദുരന്തഭൂമിയുടെ ശബ്ദം എന്തിന് എന്ന് ചോദിക്കുമോ നിങ്ങൾ. എങ്കിൽ മറുപടി ഇത്രയേ ഉള്ളൂ. ഓരോ ദുരന്തവും നമ്മുടെ ഹൃദയത്തെ, ചിന്തകളെ കീറിമുറിക്കാതെ കടന്നുപോകുന്നില്ലല്ലോ. ഒരു നല്ല സാഹിത്യകൃതിയും ഇതുതന്നെയല്ലേ ചെയ്യുന്നത്.