വയനാട് തൂപ്രയിൽ കടുവയുടെ ആക്രമണത്തിൽ ആട് ചത്തു. തൂപ്രയിലെ കേശവൻ്റെ ആടിനെയാണ് രാത്രിയിലെത്തിയ കടുവ കൊന്നത്. പുൽപള്ളിയിൽ ആടിനെ കൊന്ന കടുവയാണ് തൂപ്രയിലും എത്തിയത്. പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ച് പരിശോധന തുടങ്ങി.
നാല് ആടുകൾ കേശവൻ്റെയും സരോജിനിയുടെയും ഉപജീവനമായിരുന്നു, അതിലൊന്നിനെയാണ് രാത്രി കൂട്ടിൽ കയറി കടുവ കൊന്ന് തിന്നത്.
ഇതെ ആഡിൻ്റെ ജഡം വച്ച് തൂപ്രയിൽ വനം വകുപ്പ് കടുവയ്ക്കായി കൂട് വച്ചു, കടുവ കൂടിൻ്റെ അടുത്തേക്ക് വന്നെങ്കിലും ഉള്ളിൽ കയറുന്നതിന് മുൻപ് വാതിലടഞ്ഞു. തെർമൽ ക്യാമറയിൽ കടുവയുടെ ചിത്രവും പതിഞ്ഞതോടെ ദേവർ ഗദയും തൂപ്രയും കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ.
'കൂട്ടിലാക്കാനാണ് പ്രഥമ പരിഗണന, മയക്കു വെടി ഇതിനു ശേഷം , കൂട്ടിൽ വന്നെങ്കിലും കയറിയില്ല, ക്യാമറയിൽ സാന്നിധ്യം സ്ഥിരീകരിച്ചു, കുങ്കിയെ എത്തിച്ചിട്ടുണ്ട്' - അജിത് കെ രാമൻ, വയനാട് ഡിഎഫ്ഒ
കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ അമരക്കുനിയിലെ നാല് സ്കൂളുകൾക്ക് ഇന്ന് അവധി നൽകി. നാട്ടുകാരും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.