വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന ഗ്രാമമാണ് അമരക്കുനി. എല്ലാ കാലവും വന്യജീവി ആക്രമണമുണ്ടാകുന്ന ഇടം. ഇത്തവണയും മുറ തെറ്റാതെ കടുവയെത്തി, വളർത്തു മൃഗങ്ങളെ ആക്രമിച്ചു. ഏഴു ദിവസമായി കടുവ പ്രദേശത്ത് തുടരുകയാണ്. നെഞ്ചിടിപ്പിലാണ് പ്രദേശവാസികൾ
പലതവണ കടുവ വീടുകളിലെത്തി, ചിലരുടെ മുന്നിലും പ്രത്യക്ഷപ്പെട്ടു. ഇതോടെ പകൽ സമയം പോലും പുറത്തിറങ്ങാൻ ഭയമാണ്. ജോലിക്കു പോകാൻ പോലും പറ്റാത്ത ആശങ്ക
കഴിഞ്ഞ വർഷവും ഇതേ സമയം കടുവയെത്തിയിരുന്നു. വളർത്തു മൃഗങ്ങളെ ആക്രമിച്ചതോടെ വലിയ പ്രതിഷേധങ്ങൾക്ക് അന്ന് സാക്ഷിയായി. കടുവയെ പിടിക്കാൻ വനം വകുപ്പ് പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. കൂട് വച്ചും കുങ്കികളെ ഉപയോഗിച്ചും കടുവയെ അകപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പിടിതരാതെ കടുവ പ്രദേശത്ത് തന്നെ തുടരുന്നതിൽ നാട്ടുകാർക്ക് കടുത്ത ആശങ്കയുണ്ട്.