police-medal

ഭാഷാദിനം കൂടിയായ കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലില്‍ വ്യാപക അക്ഷരത്തെറ്റ്. ആകെ ആറ് വാക്കുകളുള്ള മെഡലില്‍ മൂന്ന് വാക്കുകളും തെറ്റി. നാണക്കേടായതോടെ മെഡല്‍ തിരികെ വാങ്ങി പുതിയത് കൊടുക്കാനാണ് തീരുമാനം.

 

കേരള പൊലീസിനെ വാനോളം പുകഴ്ത്തിയ ശേഷമാണ് മുഖ്യമന്ത്രി മെഡലുകള്‍ വിതരണം ചെയ്തത്. ഒന്നും രണ്ടും പേര്‍ക്കല്ല 264 പേര്‍ക്ക്. പക്ഷെ ആ മെഡലില്‍ മുഖ്യമന്ത്രി എന്ന് എഴുതിയിരിക്കുന്നത് അദേഹം ശ്രദ്ധിച്ചില്ല. മുഖ്യമന്ത്രിക്ക് വള്ളിയിടാന്‍ മറന്നുപോയപ്പോള്‍ മുഖ്യമന്ത്ര യായി. വള്ളി പ്രശ്നം അവിടെ മാത്രമല്ല, പൊലീസ് എന്നത് എഴുതി വന്നപ്പോള്‍ പൊലസ് ആയി. ല യ്ക്കും വള്ളിയില്ല. മെഡലിന്റെ ല്‍ മാറി ന്‍ ആയപ്പോള്‍ മെഡന്‍ ആയി. മൊത്തത്തില്‍ അക്ഷരത്തെറ്റ്. 

മെഡല്‍ തയാറാക്കിയ പൊലീസ് ആസ്ഥാനത്തെ ഉന്നതരോ വിതരണം ചെയ്ത മുഖ്യമന്ത്രിയോ വായിച്ചുനോക്കാത്തതുകൊണ്ടാവാം. മലയാളം പിഴച്ചത് ആരും അറിഞ്ഞില്ല. മെഡല്‍ നേടിയ ചില പൊലീസുകാര്‍ വീട്ടുകാരെയും കൂട്ടുകാരെയും കാണിച്ചപ്പോളാണ് നാണക്കേടായത്. പൊലീസിന്റെ ജോലികള്‍ സ്ഥിരം കിട്ടുന്ന തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയാണ് മെഡല്‍ തയാറാക്കിയത്. മലയാളി അറിയാത്ത ഏതോ ഇതരസംസ്ഥാന തൊഴിലാളി അടിച്ചുവച്ചത് അതേപടി എടുത്ത് വിതരണം ചെയ്തു. എന്തായാലും തെറ്റുപറ്റിയത് മുഴുവന്‍ ഉടന്‍ മാറ്റിക്കൊടുക്കാന്‍ കമ്പനിയോട് ഡി.ജി.പി ആവശ്യപ്പെട്ടു.

ENGLISH SUMMARY:

A widespread typo in the police medal distributed by the CM Pinarayi Vijayan on november first