സംസ്ഥാനത്തെ ഹിന്ദുക്കളായ ഐ.എ.എസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് വാട്സപ് ഗ്രൂപ്പ്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനാണ് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരില്‍ ഗ്രൂപ്പ് രൂപീകരിച്ചത്. മറ്റ് അംഗങ്ങള്‍ എതിര്‍പ്പ് അറിയിച്ചതോടെ ഗ്രൂപ്പ് പിരിച്ചുവിട്ട ഗോപാലകൃഷ്ണന്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു.

മല്ലു ഹിന്ദു ഓഫീസേഴ്സ്–രാഷ്ട്രീയമോ മതമോ പ്രാദേശികവാദമോ നോക്കാതെ ജനങ്ങളെ സേവിക്കേണ്ട ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വാട്സപ് ഗ്രൂപ്പ്. ദീപാവലിയുടെ തലേദിവസമായ ഒക്ടോബര്‍ 30ന് രാവിലെയാണ് ഈ ഗ്രൂപ്പ് രൂപംകൊണ്ടത്. തിരുവനന്തപുരത്തും മലപ്പുറത്തുമൊക്കെ കലക്ടറായിരുന്ന, ഇപ്പോള്‍ വ്യവസായ വകുപ്പ് ഡയറക്ടറായ കെ.ഗോപാലകൃഷ്ണനാണ് അഡ്മിന്‍. കലക്ടര്‍മാര്‍ മുതല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കില്‍ വരെയുള്ള ഹിന്ദു ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി. ഗ്രൂപ്പ് കണ്ടതോടെ പലരും ഗോപാലകൃഷ്ണനെ വിളിച്ച് കാര്യം തിരക്കുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.

അംഗങ്ങളോ ഗോപാലകൃഷ്ണനോ ഗ്രൂപ്പില്‍ മെസേജ് ഒന്നും അയച്ചില്ല. എതിര്‍പ്പ് കൂടിയതോടെ ഒരു മണിക്കൂറിനുള്ളില്‍ ഗ്രൂപ്പ് ഗോപാലകൃഷ്ണന്‍ ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് വിശദീകരണ മെസേജ് എല്ലാവര്‍ക്കും അയച്ചു. മൊബൈല്‍ ഫോണിന്റെ നിയന്ത്രണം ആരോ കൈക്കലാക്കി 11 വാട്സപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. കോണ്‍ടാക്ട് ലിസ്റ്റിലുള്ള പലരെയും വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ത്തു.

താന്‍ തന്നെ ഗ്രൂപ്പെല്ലാം ഡിലീറ്റാക്കുകയും ഫോണ്‍ മാറുകയും ചെയ്തെന്നാണ്  വിശദീകരണം. മൊബൈല്‍ ഹാക്ക് ചെയ്തതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയതായും ഗോപാലകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ ദീപാവലി സന്ദേശം അയക്കാന്‍ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുണ്ടാക്കിയപ്പോള്‍ വാട്സപ്പ് ഗ്രൂപ്പായി അബദ്ധം പറ്റിയതാണെന്നും ഗോപാലകൃഷണന്‍ ചിലരോട് വിശദീകരിക്കുന്നുണ്ട്. ഗ്രൂപ്പ് രൂപീകരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ അറിയുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ല. 

ENGLISH SUMMARY:

WhatsApp group formed for Hindu IAS Officers