കൊതിയൂറുന്ന രുചിയിലൂടെ ചെന്നൈ ഐഐടി ക്യാംപസിലെ വിദ്യാര്‍ഥികളുടെ ഹൃദയം കവര്‍ന്ന ഒരാളെ പരിചയപ്പെടാം ഇനി. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ട്രക്കിനുള്ള പുരസ്കാരവും ഈ മലയാളി സ്വന്തമാക്കി. മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായ ഹേമന്ത് സുദേവാണ് കഥയിലെ ഹീറോ
രാജ്യത്തിനായി ആകാശംകീഴടക്കിയ തിരുവനന്തപുരം സ്വദേശി ഹേമന്ത് സുദേവ് പത്തുവര്‍ഷത്തിന് ശേഷം സ്ക്വാഡ്രന്‍ ലീഡറായാണ് വിരമിച്ചത്. പിന്നെ ലക്നൗ ഐഐഎമ്മില്‍ നിന്ന് മാേനജ്മെന്റ് പഠനം പൂര്‍ത്തിയാക്കി കോര്‍പറേറ്റ് ലോകത്തേക്ക് ചേക്കേറി. അതിനിടെ ഉള്ളില്‍ക്കിടന്ന സ്വപ്നം അയാളെ പിന്തുടരാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. സ്വന്തം സംരഭം.. അതും രുചിഭേദങ്ങളുടെ ലോകത്ത്.. അങ്ങനെ ഫ്ലേവര്‍ഫുള്‍ ഫുഡ് വര്‍ക്സ് എന്ന കമ്പനി ജനിച്ചു. ആദ്യം റസ്റ്ററന്റ് തുടങ്ങാമെന്ന് കരുതിയെങ്കിലും നടന്നില്ല. പിന്നെ ഐഐടിയില്‍ പഠിക്കുന്ന സുഹൃത്താണ് ക്യാംപസിനുള്ളില്‍ രാത്രിമാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷ്യശാലയെ കുറിച്ച് ഐഡിയ നല്‍കിയത്. പിന്നെ തിരിഞ്ഞ് നോക്കിയില്ല. വിദ്യാര്‍ഥികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ലോകോത്തര വിഭവങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ റോട്ടര്‍മാന്‍ ട്രക്ക് ഐഐടി ക്യാംപസിലെത്തി.
അധികം വൈകാതെ ട്രക്കും ഫുഡും സൂപ്പര്‍ ഹിറ്റ്. ഫുഡ് കോണസര്‍ ഇന്ത്യ ദക്ഷിണേന്ത്യയിലെ ഈ വര്‍ഷത്തെ മികച്ച ഫുഡ് ട്രക്കായി റോട്ടര്‍മാനെ തിരഞ്ഞെടുത്തു. ഇനി ഐഐടി ക്യാംപസിന് പുറത്തേക്കും റോട്ടര്‍മാനിലെ രുചിഭേദം എത്തിക്കാന്‍ ഒരുങ്ങുകയാണ് ഹേമന്ത്. 24 മണിക്കൂറുംപ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റാണ് ലക്ഷ്യം. പിന്നാക്കാവസ്ഥയിലുള്ള ഒട്ടേറെ സ്ത്രീകളേയും തന്റെ സംരഭം വഴി അദ്ദേഹം പിന്തുണയ്ക്കുന്നുണ്ട്.