ഷൊർണൂരിൽ സഹോദരിമാർ ഉൾപ്പെടെ മൂന്ന് ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചതിൽ കരാറുകാരന് ഗുരുതര വീഴ്ചയെന്ന് റെയിൽവേ. ട്രാക്കിൽ ജോലി ചെയ്ത് മുൻപരിചയമില്ലാത്തവരെ ഉൾപ്പെടുത്തിയതും അനുമതിയില്ലാത്ത സ്ഥലത്ത് മതിയായ സുരക്ഷാ കരുതലില്ലാതെ ജോലി ചെയ്തതുമാണ് അപകട കാരണമെന്ന് റെയിൽവേയുടെ പ്രാഥമിക റിപ്പോർട്ട്. ട്രെയിൻ തട്ടി ഭാരതപ്പുഴയിലേക്ക് വീണ ലക്ഷ്മണനെ കണ്ടെത്താൻ തെരച്ചിൽ തുടരുകയാണ്.
ലക്ഷ്മണന്‍റെ ഭാര്യ റാണി, റാണിയുടെ സഹോദരി വള്ളി, ഭർത്താവ് ലക്ഷ്മണൻ എന്നിവരാണ് ഇന്നലെ ഉച്ച കഴിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. ഇടിയുടെ ആഘാതത്തിൽ പുഴയിലേക്ക് വീണ ലക്ഷ്മണനെ കണ്ടെത്താൻ വ്യാപക തിരച്ചിൽ തുടരുകയാണ്. റെയിൽവേ ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധനയിലാണ് കരാറുകാരന്‍റെ ഗുരുതര അലംഭാവമാണ് മൂന്നുപേരുടെ ജീവനെടുക്കാൻ കാരണമായ അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.
നാലുപേരും ആദ്യമായാണ് റെയിൽവേ ട്രാക്കിലെ ജോലിക്കെത്തുന്നത്. മതിയായ മുൻ പരിചയമുണ്ടായിരുന്നില്ല. വേഗ നിയന്ത്രണം പാലിക്കേണ്ടതില്ലാത്ത ട്രാക്കായതിനാൽ ലോക്കോ പൈലറ്റിനും പിഴവുണ്ടായിട്ടില്ലെന്ന് റെയിൽവേ പറയുന്നു. ഇതുവരെ കരാറുകാരനോ, റെയിൽവേ ഉദ്യോഗസ്ഥരോ അപകട വിവരം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ.
ലക്ഷ്മണൻ, വള്ളി, റാണി എന്നിവരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്. മൃതദേഹങ്ങൾ സേലത്തേയ്ക്ക് കൊണ്ടു പോവുന്നതിനാണ് ബന്ധുക്കളുടെ തീരുമാനം. ഇന്നലെ ഉച്ചയ്ക്കാണ് ട്രാക്കിലെ മാലിന്യം നീക്കുന്നതിനിടെ ഷൊർണൂർ പാലത്തിനു മുകളിൽ വച്ച് കേരള എക്സ്പ്രസ്സ് നാലു പേരെയും ഇടിച്ചു വീഴ്ത്തിയത്.