പണി സിനിമയിലെ റേപ് രംഗത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നടന്‍ ജോജു ഭീഷണിപ്പെടുത്തിയ ഗവേഷക വിദ്യാര്‍ഥി ആദര്‍ശിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും. സൈബറിടത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് രാഷ്ട്രീയനിറം കൂടി വന്നതോടെ വിഷയം വീണ്ടും പണിയായി.
സിനിമയെ വിമര്‍ശിച്ച കാര്യവട്ടം ക്യാംപസിലെ ഗവേഷക വിദ്യാര്‍ഥി എച്ച്.എസ് ആദര്‍ശിനോട് പണി സിനിമയിലെ ക്ലൈമാക്സിന് കിട്ടിയ കയ്യടി പ്രതീക്ഷിച്ച് നല്‍കിയ മറുപടി ജോജുവിന് തന്നെ പണിയായി. റീലില്‍നിന്നും റിയല്‍ ലൈഫില്‍ എത്തിയപ്പോള്‍ ട്രോളോടു ട്രോള്‍.
ഒരു വശത്ത് ട്രോളെങ്കിലും അനുകൂലിച്ച് കമന്‍റിടുന്നവരും ഉണ്ട്. ഇതിനിടെയാണ് ആദര്‍ശിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും രംഗത്തെത്തിയത്. ജോജുവല്ല, ജോജുവിന്‍റെ കീച്ചിപാപ്പന്‍ വന്നാലും ആദര്‍ശിനെ തൊടാന്‍ സാധിക്കില്ലെന്ന് അബിന്‍ പറഞ്ഞപ്പോള്‍ നിയമപരമായ സംരക്ഷണം എല്ലാ അര്‍ഥത്തിലും ആദര്‍ശിന് നല്‍കുമെന്നായിരുന്നു അലോഷ്യസ് സേവ്യറിന്‍റെ പോസ്റ്റ്. ഇതോടെ വിവാദത്തിന് രാഷ്ട്രീയനിറവുമായി.
ഇതിനിടെ ജോജുവിനോട് സമൂഹമാധ്യമങ്ങളിലൂടെ ചില ചോദ്യങ്ങള്‍ ഉയര്‍ത്തി വീണ്ടും ആദര്‍ശ് രംഗത്തെത്തിയതോടെ ഒറ്റ ദിവസം കൊണ്ട് അവസാനിക്കില്ല ഈ പണി എന്ന് വ്യക്തമായി.