സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തി. ഇനി ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഡിജിറ്റല്‍ ലൈസന്‍സ് മാത്രം. റോഡുകളിലെ വാഹന പരിശോധനകളില്‍ ലൈസന്‍സ് കൈവശം കാണിക്കേണ്ടെന്നും നിര്‍ദേശം. അതേസമയം പ്രിന്റിങ് നിര്‍ത്തിയിട്ടും ഓരോ ലൈസന്‍സിനും 145 രൂപ വീതം പ്രിന്റിങ് ചാര്‍ജ് ഈടാക്കുന്നത് മോട്ടോര്‍ വാഹനവകുപ്പ് തുടരുകയാണ്.
എച്ച് എടുത്താലും എട്ട് എടുത്താലും ഇനി ലൈസന്‍സ് കയ്യില്‍ കിട്ടില്ല. പ്രതിസന്ധി കാരണമൊന്നുമല്ല. കേരളം ഡ്രൈവിങ് ലൈസന്‍സിന്റെ കാര്യത്തില്‍ സമ്പൂര്‍ണ ഡിജിറ്റലായതാണ്. ലൈസന്‍സ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് മൊബൈലില്‍ മെസേജ് വരും. അതിന് ശേഷം പരിവാഹന്‍ വെബ് സൈറ്റില്‍ കയറി ഡിജിറ്റല്‍ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ സൂക്ഷിക്കാം. നമുക്ക് ആവശ്യമുണ്ടങ്കില്‍ മാത്രം പ്രിന്റെടുത്ത് കയ്യില്‍ കരുതാം. പക്ഷെ പൊലീസോ മോട്ടോര്‍ വാഹനവകുപ്പോ പരിശോധനക്കിടെ ഇനി പ്രിന്റ് ചെയ്ത ലൈസന്‍സ് ചോദിക്കില്ല. അത്യാവശ്യഘട്ടങ്ങളില്‍ മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്ന ലൈസന്‍സ് കാണിച്ചാല്‍ മതിയാകും.
അതേസമയം ഒക്ടോബര്‍ 31 വരെ ലൈസന്‍സ് ടെസ്റ്റ് പാസായവരടക്കം എട്ട് ലക്ഷത്തോളം പേര്‍ക്ക് ലൈസന്‍സ് കിട്ടാന്‍ കിടപ്പുണ്ട്. അവര്‍ക്ക് പ്രിന്റായി തന്നെ ലൈസന്‍സ് വീട്ടില്‍ വരും. നവംബര്‍ 1 മുതലാണ് ഡിജിറ്റല്‍ പരിഷ്കാരം. അതേസമയം പ്രിന്റിങും വീട്ടിലെത്തിച്ച് നല്കുന്ന രീതിയും നിര്‍ത്തിയിട്ടും അതിന് വേണ്ടി ഫീസ് വാങ്ങുന്ന ശീലം മോട്ടോര്‍ വാഹനവകുപ്പ് ഉപേക്ഷിക്കാന്‍ തയാറല്ല.
പ്രിന്റിങിനും തപാലില്‍ വീട്ടിലെത്തിക്കാനുമായി 245 രൂപ ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ തന്നെ ഈടാക്കുന്നുണ്ട്. ഡിജിറ്റലായതോടെ അതില്‍ നൂറ് രൂപ കുറച്ചു. പക്ഷെ മോട്ടോര്‍ വാഹനവകുപ്പിന് പ്രത്യേകിച്ച് ഒരു പണിയുമില്ലാഞ്ഞിട്ടും പ്രിന്റിങിനും വീട്ടിലെത്തിക്കാനുമുള്ള സര്‍വീസ് ചാര്‍ജെന്ന പേരില്‍ 145 രൂപ വീതം പിടിച്ചുവാങ്ങുകയാണ്.
മനോരമ ന്യൂസ്, തിരുവനന്തപുരം