driving-test

ബൈക്ക് ഉപയോഗിച്ചുള്ള ഡ്രൈവിങ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കൂട്ടത്തോൽവി. എം80 ബൈക്കുകൾ ഒഴിവാക്കിയ ശേഷമുളള ആദ്യത്തെ ടെസ്റ്റായിരുന്നു ഇന്നലെ. ടെസ്റ്റിനെത്തിയ 48 ൽ 30 പേരും പരാജയപ്പെട്ടു. ടെസ്റ്റിന് തീയതി എടുത്തിരുന്ന ചിലർ പരാജയ ഭീതി മൂലം വന്നതുമില്ല. ടെസ്റ്റ് ഗ്രൗണ്ടിലെ ‘8’നകത്തെ പരീക്ഷക്കിടെ കാൽപാദം കൊണ്ടു ഗിയർ മാറ്റിയ ചിലർ കാൽ നിലത്തു കുത്തിയതും മറ്റു ചിലർ ഗിയർ മാറ്റുന്നതിനിടെ ബൈക്ക് നിന്നു പോയതുമൊക്കെ പരാജയത്തിനു കാരണമായി.

ഡ്രൈവിങ് സ്കൂളുകാരുടെ എം80 വാഹനത്തിലാണ് പലരും ഡ്രൈവിങ് ടെസ്റ്റിനുള്ള പരിശീലനം നടത്തിയിരുന്നത്. ഇതാണ് കൂട്ടത്തോൽവിക്കു കാരണമായത്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.ജി.ബിജു, അജയ് രാജ്, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡ്രൈവിങ് ടെസ്റ്റ്.

ഇരുചക്ര വാഹന ഡ്രൈവിങ് ടെസ്റ്റിനു പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന കൈ കൊണ്ടു ഗിയർ മാറ്റുന്ന എം80യുടെ സേവനം ചൊവ്വാഴ്ചയാണ് അവസാനിപ്പിച്ചത്. കൈ കൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര വാഹനം നിലവിൽ രാജ്യത്ത് നിർമാണത്തിൽ ഇല്ലാത്തതിനാലാണ് കാൽപാദം കൊണ്ടു ഗിയർ മാറ്റുന്ന ബൈക്കുകൾ നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ് ഉത്തരവിറക്കിയത്.

ENGLISH SUMMARY:

First driving test without M80; Mass defeat