വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കേണ്ട വയബലിറ്റി ഗ്യാപ് ഫണ്ടിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഫണ്ടിനായി സമ്മര്ദമുയര്ത്താമെങ്കിലും രാഷ്ട്രീയപ്രശ്നമാക്കി മാറ്റിയാല്‍ കമ്മീഷനിങ് ഉള്‍പ്പടെ വൈകിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ തുടങ്ങിയതു മുതല്‍ 40 കപ്പലുകള്‍ നങ്കൂരമിട്ടതുവഴി ഏഴുകോടിക്ക് മുകളിലാണ് സംസ്ഥാനത്തിന് ജിഎസ്ടിയിനത്തില്‍ വരുമാനമായി കിട്ടിയത്.
ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിന്റെ മദര്‍ഷിപ്പായ സന് ഫെര്‍ണാണ്ടോയാണ് വിഴിഞ്ഞത്ത് ആദ്യമെത്തിയത്. ഇതിനുശേഷം ഇതുവരെ ട്രയല്‍ റണ്ണില്‍ 40 കപ്പലുകളെത്തിയപ്പോള്‍ എന്പത്തിയയ്യിരം കണ്ടയ്നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. ഇവിടെയിറക്കുന്ന കണ്ടെയ്നുകള്‍ ചെറുകപ്പുലുകളില് മറ്റ് ചെറിയ തുറമുഖങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.
ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി ഡിസംബറില്‍ കമ്മീഷനിങ്ങാണ് ലക്ഷ്യമിടുമ്പോളാണ് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് വിഷയം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.വിഴിഞ്ഞം തുറമുഖത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട 817.80 കോടി രൂപ തിരിച്ചടവില്ലാതെ സൗജന്യമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ തിരിച്ചടക്കണമെന്ന് 2015ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ കേരളത്തിന് അധികം ബലംപിടുത്തം സാധ്യമാകില്ല. അതിനാല്‍ തന്നെ ഫണ്ട് സൗജന്യമാക്കണമെന്ന് സമര്‍ദം ചെലുത്തുമ്പോഴും കേന്ദ്രസര്‍ക്കാരിനെ പിണക്കാതെ കമ്മീഷണിങ് യഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
വിഴിഞ്ഞത്തെ രാഷ്ട്രീയ വിഷയമാക്കി കേന്ദ്രത്തെ പിണക്കിയാല്‍ കമ്മീഷനിങ് വൈകിപ്പിച്ച് സംസ്ഥാനത്തിന് കനത്ത തിരിച്ചടി നല്കാന് കേന്ദ്രത്തിന് കഴിയും. പ്രധാനമന്ത്രി വിഴിഞ്ഞം കമ്മീഷണിങ് ചെയ്യാനിരിക്കെ കേന്ദ്രസര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് അര്‍ഹമായത് നേടിയെുക്കുകയാവും ഉചിതമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍