എ.ഡി.എം നവീന്‍ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച. കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്‍റെ മൊഴിയാണ് ജാമ്യാപേക്ഷയില്‍ ദിവ്യആയുധമാക്കിയത്. തെറ്റുപറ്റിയെന്ന് നവീന്‍ കലക്ടറോട് പറഞ്ഞതിന് അര്‍ഥം, കൈക്കൂലി വാങ്ങിയെന്നു തന്നെയാണെന്ന് ദിവ്യയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ട്. പ്രശാന്തിനെ എഡിഎം വിളിച്ചത് എന്തിനാണെന്നും അഭിഭാഷകര്‍ കോടതിയില്‍ ചോദിച്ചു.
ഇരുവരും തമ്മില്‍ കണ്ടതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തില്‍ തെളിവില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുവാദം. കലക്ടറുടെ മൊഴി പൂര്‍ണമായും ഹാജരാക്കി. ആശംസ അറിയിക്കാനാണ് കലക്ടര്‍ ദിവ്യയെ വിളിച്ചത്. പെട്രോള്‍ പമ്പിന്‍റെ എന്‍ഒസി നവീന്‍ ബാബു ഇടപെട്ട് വൈകിപ്പിച്ചിട്ടില്ല. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, അന്വേഷണസംഘത്തിനെതിരെ നവീന്‍ ബാബുവിന്‍റെ കുടുംബം കോടതിയില്‍ നിലപാടെടുത്തു. അന്വേഷണ സംഘം ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടില്ല. നവീന്‍ ബാബുവിന്‍റെ ഭാര്യയുടെ മൊഴി ഇനിയും എടുത്തില്ലെ. കണ്ണൂര്‍ കലക്ടര്‍ ആരെയോ ഭയപ്പെടുന്നുണ്ട്. കലക്ടറുടെ മൊഴിക്കുപിന്നില്‍ ഗൂഢാലോനയുണ്ട്. പ്രശാന്തിന്‍റെ പരാതിയെ കുറിച്ച് പറയാനില്ല . വെറുതേ വിജിലന്‍സ് അന്വേഷിക്കല്ലല്ലോ എന്നും നവീന്‍റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തലശേരി സെഷന്‍സ് കോടതിയില്‍ ബോധിപ്പിച്ചു .