പോളണ്ട് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് കോടികള്‍ തട്ടി തൊഴില്‍തട്ടിപ്പ് സംഘം. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റന്‍റ് വിസ കണ്‍സള്‍ട്ടന്‍സിയുടെ പേരിലാണ് മലയാളികളടങ്ങുന്ന മാഫിയ സംഘം തട്ടിപ്പ് നടത്തുന്നത്. ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികള്‍ക്കെതിരെ വിവിധ ജില്ലകളില്‍ കേസെടുത്തെങ്കിലും ചെറുവിരലനക്കാതെ പൊലീസിന്‍റെ ഒത്താശ.
പത്തോ പതിനഞ്ചോ അല്ല വിദേശത്ത് ഒരു തൊഴിലെന്ന സ്വപ്നം കണ്ട നൂറുകണക്കിന് യുവാക്കളാണ് തട്ടിപ്പിനിരയായത്. ഈ കണക്ക് ആയിരവും കടക്കുമെന്ന് തട്ടിപ്പിനിരയായവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. മലയാളികളായ സ്ത്രീകളടക്കമുള്ള ഏജന്‍റുമാരാണ് ഉദ്യോഗാര്‍ഥികളെ കുരുക്കിലാക്കിയത്. മുഖ്യ കണ്ണി കോതമംഗലം നാഗന്‍ചേരി സ്വദേശി സണ്ണി. കോതമംഗലം, പെരുമ്പാവൂര്‍ സ്റ്റേഷനുകളിലടക്കം സണ്ണിക്കെതിരെ നിലവിലുള്ളത് ഒരു ഡസനിലേറെ എഫ്ഐആറുകള്‍. സണ്ണിയുടെ വീട്ടിലടക്കം തട്ടിപ്പിനിരയായവരെത്തി പ്രതിഷേധിച്ചിട്ടും പൊലീസിന് കുലുക്കമില്ല.
രാജീവ്, ശ്രീശ്യാം, അക്ഷയ, സ്വാതി, വൈഷ്ണവ് എന്നിങ്ങനെ തട്ടിപ്പ് സംഘത്തിലെ കണ്ണികളുടെ വിവരങ്ങളും പണം വാങ്ങിയതിന്‍റെ തെളിവുകള്‍ സഹിതം പരാതിക്കാര്‍ പൊലീസിന് കൈമാറിയിട്ടും നടപടിയില്ല. തട്ടിപ്പുകാര്‍ക്ക് നാടുവിടാന്‍ പൊലീസ് ഒത്താശചെയ്തുവെന്ന ആരോപണവും ശക്തമാണ്.