മുനമ്പത്തെ ഭൂപ്രശ്നത്തിൽ സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് മലങ്കര കത്തോലിക്കാ സഭാ തലവൻ കര്‍ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ. മിനിറ്റ് വെച്ച് പ്രമേയം പാസാക്കിയ സർക്കാരും പ്രതിപക്ഷവും ജനങ്ങളെ ഇറക്കിവിടില്ലെന്ന് ഉറപ്പ് നല്‍കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. മുനമ്പം പ്രശ്നത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നടക്കുന്ന യോഗത്തിൽ പരിഹാരമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം.
ഭൂസമരം 25ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് പിന്തുണയുമായി കെസിബിസി അധ്യക്ഷന്‍ കൂടിയായ കര്‍ദിനാള്‍ ക്ലിമീസ് കാതോലിക്കാ ബാവ മുനമ്പത്ത് എത്തിയത്. മുനമ്പത്തെ മക്കളോടൊപ്പം കത്തോലിക്ക സഭ അവസാനം വരെയുണ്ടാകുമെന്ന് പ്രഖ്യാപിച്ച അദേഹം ഭൂമി വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഇരട്ടതാപ്പെന്നും കുറ്റപ്പെടുത്തല്‍.
ഇവിടെ ധ്രുവീകരണം ഉണ്ടാകുന്നത് സര്‍ക്കാരും പ്രതിപക്ഷവും തിരിച്ചറിയണമെന്നും മുന്നറിയിപ്പ്. കല്‍പറ്റയിലെ എല്‍ഡിഎഫ് യോഗത്തിലായിരുന്നു മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രദേശത്തു ദീർഘ കാലമായി താമസിക്കുന്നവരുടെ താല്പര്യങ്ങൾ ഹനിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുനമ്പം സമരത്തെ വർഗീയ വൽക്കരിക്കരുതെന്ന ആവശ്യവുമായി മുൻ എം പി തമ്പാൻ തോമസും രംഗതെത്തി.