കടം വാങ്ങി കൃഷിയിറക്കിയ ഭിന്നശേഷിക്കാരനായ കർഷന്റെ വാഴത്തൈകളെല്ലാം വന്യജീവി ആക്രമണത്തിൽ നശിച്ചു. ജീവിതം വഴിമുട്ടി നിൽക്കുന്ന മുള്ളൂർക്കര സ്വദേശി അഷറഫ് ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും മുൻപാകെ ഒരു സങ്കടഹർജി സമർപ്പിക്കുകയാണ്. ചേലക്കരയുടെ മലയോരമേഖലയിലെ കർഷകരുടെയെല്ലാം പ്രതിനിധി എന്ന നിലയിൽ.
സംസാരിക്കാനാകാതെ വലയുന്നുണ്ട്. പാതി തളർന്ന ശരീരം വിറയ്ക്കുന്നുണ്ട്. വാക്കുകൾ വ്യക്തമല്ലെങ്കിലും ഉള്ളിലെ ചുട്ടുപൊള്ളുന്ന വേദന അഷറഫ് പറഞ്ഞു. ഭിന്നശേഷിക്കാരനാണെങ്കിലും ആരെയും ആശ്രയിക്കാതെ ജീവിക്കാനാണ് ശ്രമിച്ചത്. ഭാര്യയും സ്കൂൾ വിദ്യാർഥിയായ മകനും അടങ്ങുന്ന കുടുംബം പോറ്റാൻ പരിചയക്കാരിൽ നിന്ന് കടം വാങ്ങി വാഴ കൃഷിയിറക്കിയത്. കാട്ടുപന്നി ആക്രമണത്തിൽ എല്ലാം തകർന്നു. തകർന്നു വീഴാറായ തറവാട് വീട്ടിലാണ് താമസം. വന്യമൃഗ ഭീഷണി കാരണം രാത്രി ഉറക്കം സഹോദരന്റെ വീട്ടിൽ.ചേലക്കരയുടെ മലയോര മേഖലയിൽ അഷറഫിനെപ്പോലെ വന്യമൃഗ ആക്രമണം മൂലം ജീവനും ജീവിതവും പ്രതിസന്ധിയിലായ നിരവധി കർഷകരാണുള്ളത്.