പ്രാദേശിക സിപിഐ നേതാവായ പാടശേഖരസമിതി സെക്രട്ടറി കൊയ്ത്ത് യന്ത്രം തടഞ്ഞു വച്ച പാടശേഖരത്തിലെ കൃഷി നശിച്ചു. വൈക്കം തലയാഴത്താണ് രണ്ടേക്കറിലെ നെൽകൃഷി നശിച്ചത്. മാധ്യമ വാർത്തയെ തുടർന്ന് കൃഷി ഓഫിസർ ഇടപെട്ട് കൊയ്ത്ത് യന്ത്രം എത്തിച്ചെങ്കിലും ചെളിയിൽ താഴ്ന്നതാണ് പ്രതിസന്ധിയായത്.
ജില്ലാപഞ്ചായത്തിന്‍റെ കൊയ്ത്ത് യന്ത്രം പാടത്ത് താഴ്ന്ന് മൂന്ന് ദിവസമായിട്ടും ഉയർത്താൻ പോലും നടപടിയില്ല. സർക്കാർ പാടം ലേലത്തിനെടുത്ത് കൃഷിയിറക്കിയ കർഷകന്‍റെ ദുർഗതിയാണിത്. അജിമോൻ എന്ന കർഷകൻ കളപ്പുരക്കൽ കരി പാടത്ത് ഏഴ് ഏക്കറിലാണ് വിത്തിട്ടത്. പാടശേഖര സമിതി സെക്രട്ടറിയുടെ വൈരാഗ്യം മൂലം നെല്ല് കൊയ്യാൻ കഴിഞ്ഞില്ല..
പാടശേഖര സമിതി എത്തിച്ച കൊയ്ത്ത് യന്ത്രം അജിമോന്‍റെ പാടത്തിറക്കാതെ മടക്കി കൊണ്ടു പോയത് വാർത്തയായതോടെ കൃഷിവകുപ്പ് ഇടപെട്ട് എത്തിച്ച യന്ത്രം ആണ് പാടത്ത് താഴ്ന്നത്. കഴിഞ്ഞ ദിവസത്തെ മഴയിൽ രണ്ടേക്കർ കൃഷി നശിച്ചു. ഏഴേക്കറിലെ 4 ഏക്കർ കൂടി ഇനി കൊയ്യാൻ ഉണ്ട്.. 35 ക്വിൻ്റൽ നെല്ല് നഷ്ടമായതായി അജിമോൻ പറയുന്നു. പാടശേഖര സമിതി സെക്രട്ടറിയുടെ സ്വാധീനവും ഭീഷണിയുമാണ് കൃഷി വകുപ്പിൻ്റെ നിസ്സഹകരണത്തിന് കാരണമെന്നാണ് കർഷകന്‍റെ പരാതി.