മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി നല്‍കിയതില്‍ വ്യാപക പ്രതിഷേധം. സംഭവം ഞെട്ടിക്കുന്നതാണെന്നും കെട്ടിക്കിടന്ന സാധനങ്ങളാണ് വിതരണം ചെയ്തതെങ്കില്‍ ഗുരുതരമായ തെറ്റാണെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പുഴുവരിച്ച കിറ്റ് നല്‍കിയെന്നാരോപിച്ച് ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ച മേപ്പാടി EMS ഹാളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മേപ്പാടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ കലക്ട്രേറ്റിലും പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. മാറ്റിവച്ച അരി എടുത്തുകൊടുത്തത് ഏത് ഉദ്യോഗസ്ഥനെന്ന് പരിശോധിക്കണമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു.
മേപ്പാടി ഗ്രാമപഞ്ചായത്തിൽ നിന്ന് കഴിഞ്ഞദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്. പുഴുവരിച്ച അരിയും മൈദപ്പൊടിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് കിറ്റിൽ ഉണ്ടായിരുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണം സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളില്‍ കാലാവധി കഴിഞ്ഞ പായ്ക്കറ്റുകളും കണ്ടെത്തി. വിവിധ സംഘടനകളില്‍ നിന്നടക്കം എത്തിയതാണ് അരിയെന്നാണു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരിശോധിക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.