മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി നല്‍കിയതില്‍ പ്രതിഷേധം. മേപ്പാടി ഗ്രാമപഞ്ചായത്തിൽ നിന്ന് കഴിഞ്ഞദിവസം വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്. പുഴുവരിച്ച അരിയും മൈദപ്പൊടിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് കിറ്റിൽ ഉണ്ടായിരുന്നത്. മേപ്പാടി പഞ്ചായത്ത് ഓഫിസില്‍ ഡിവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചു. വിവിധ സംഘടനകളില്‍ നിന്നടക്കം എത്തിയതാണ് അരിയെന്നാണു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരിശോധിക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
ദുരിതബാധിതരോടുള്ള ക്രൂരതയാണിതെന്നും ആരുടെ വീഴ്ചയെന്ന് അന്വേഷിക്കണമെന്നും ടി.സിദ്ദീഖ് പ്രതികരിച്ചു. മാറ്റിവച്ച അരി എടുത്തുകൊടുത്തത് ഏത് ഉദ്യോഗസ്ഥനെന്ന് പരിശോധിക്കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. അരി റവന്യൂ വകുപ്പിന്റേതാണ്. ജില്ലാ ഭരണകൂടം ഏല്‍പിച്ചതും സ്പോണ്‍സര്‍മാരുടേതും ഉണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കി.