പാലക്കാട് ഹോട്ടല്‍ റെയ്ഡ് ഷാഫി പറമ്പില്‍ നടത്തിയ നാടകമാണെന്ന ഇടതു സ്ഥാനാര്‍ഥി പി സരിന്റെ വാദത്തെ പരിഹസരിച്ച് കോണ്‍ഗ്രസ്. തങ്ങളുടെ നാടകത്തില്‍ അഭിനയിക്കുന്ന നടന്‍മാരാണോ എം.ബി.രാജേഷും റഹീമും?. ഇങ്ങനെ ഗോള്‍പോസ്റ്റ് മാറ്റി തങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും ഗോളടിപ്പിക്കല്ലേയെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു. സി.പി.എം ആവശ്യപ്രകാരം നുണപരിശോധനയ്ക്ക് തയാറെന്നും ഒപ്പം എം.ബി.രാജേഷിനെയും റഹീമിനെയും പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
Read Also: തെറ്റായ വിവരം നല്‍കി ഷാഫി നടത്തിയ നാടകമാകാന്‍ സാധ്യത; പുതിയ വാദവുമായി സരിന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ തുടര്‍ച്ചയായി കളവ് പറയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ രാവിലെ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം. കോണ്‍ഗ്രസും ബി.ജെ.പിയും കള്ളപ്പണം ഒഴുക്കുന്നു. പാലക്കാട്ട് കോണ്‍ഗ്രസിന്‍റെ വാദങ്ങള്‍ പൊളിയുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ട്രോളി ബാഗ് ആരോപണം പൊളിഞ്ഞതോടെ പുതിയ വാദവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സരിന്‍. തെറ്റായ വിവരം നല്‍കി ഷാഫി പറമ്പില്‍തന്നെ നടത്തിയ നാടകമാകാനാണ് സാധ്യതയെന്ന് സരിന്‍ പറഞ്ഞു. ഇല്ലാത്ത വിഷയം ഉണ്ടാക്കിയെടുത്ത് താല്‍ക്കാലിക ലാഭം ഉണ്ടാക്കാനുള്ള ഷാഫിയുടെ മാസ്റ്റര്‍ പ്ലാന്‍ ആകാനാണ് സാധ്യത. ബിജെപി–സിപിഎം ബന്ധമെന്ന പുകമറ സൃഷ്ടിക്കാനാണിത്. ഈ ടിപ്പോഫ് എങ്ങനെ വന്നുവെന്ന് പൊലീസാണ് വ്യക്തമാക്കേണ്ടതെന്നും സരിന്‍ പറഞ്ഞു
എന്നാല്‍ കള്ളപ്പണ വിവാദം നാടകമെന്ന സരിന്‍റെ വാദം സി.പി.എം നേതൃത്വം തള്ളി. പാര്‍ട്ടി നിലപാട് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുകമറ സൃഷ്ടിക്കാനുള്ള ഷാഫിയുടെ നീക്കമെന്ന സരിന്‍റെ വാദമാണ് തള്ളിയത്. ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയിട്ടുണ്ട്.
ഷാഫിയും രാഹുലും നുണപരിശോധനയ്ക്ക് തയാറുണ്ടോയെന്നും സുരേഷ് ബാബു ചോദിച്ചു.
പാലക്കാട്ടെ റെയ്ഡ് വിവരം പൊലീസ് കോണ്‍ഗ്രസിന് ചോര്‍ത്തി നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. എല്ലാ മുറികളും പരിശോധിക്കാന്‍ പൊലീസ് തയാറായില്ല.സിസിടിവി ക്യാമറ പരിശോധന വൈകിപ്പിച്ചു. റെയ്ഡ് സമയത്ത് അവിടെ ഇല്ലായിരുന്നുവെന്ന രാഹുലിന്‍റെ വാദം തെറ്റെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.