കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്‍റെ മരണത്തില്‍ റവന്യൂ വകുപ്പിന്‍റെ അന്വേഷണച്ചുമതല വഹിച്ച ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. റവന്യൂ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് നീക്കം. കണ്ണൂര്‍ ജില്ലാ കലക്ടറുടെ മൊഴിയും വീണ്ടും േരഖപ്പെടുത്താന്‍ എസ്ഐടി നീക്കം ആരംഭിച്ചു. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെ തലശേരി കോടതി വിധി പറയും.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. പൊലീസിന് കൊടുത്ത അതേമൊഴി ഈ അന്വേഷണത്തിലും കലക്ടര്‍ ആവര്‍ത്തിക്കുക കൂടി ചെയ്തിരുന്നു. നവീന്‍ ബാബു തെറ്റുപറ്റിയെന്ന് തന്നോട് പറഞ്ഞെന്ന മൊഴിയുടെ കാര്യത്തില്‍ വ്യക്തത വരുത്തുക കൂടിയാണ് അന്വേഷണ സംഘം ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് കലക്ടറെ വീണ്ടും മൊഴിയെടുക്കാന്‍ സമീപിക്കുന്നതും. എഴുതി തയാറാക്കിയാണ് കലക്ടര്‍ രണ്ട് അന്വേഷണ സംഘത്തിനും മൊഴി കൊടുത്തത്. പക്ഷേ, തെറ്റു പറ്റിയെന്ന് നവീന്‍ കുറ്റസമ്മതം നടത്തിയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മൊഴിയില്‍ ഉണ്ടായിരുന്നില്ല. ഇത് ചോദിച്ചറിയുകയാണ് എസ്ഐടിയുടെ ലക്ഷ്യം. നാളെ ദിവ്യയുടെ ജാമ്യാപേക്ഷയിലെ വിധി വരാനിരിക്കെയുള്ള പൊലീസ് നീക്കം ശ്രദ്ധേയമാണ്. വിധിയിലെ വിശദാംശങ്ങള്‍ കൂടി അറിഞ്ഞ ശേഷമാകും തുടര്‍നീക്കങ്ങള്‍. രണ്ടുദിവസത്തിനകം മലയാലപ്പുഴയിലെ നവീന്‍റെ വീട്ടിലെത്തി കുടുംബത്തിന്‍റെ മൊഴി എസ്ഐടി രേഖപ്പെടുത്തും. പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തതിന് ശേഷം കുടുംബത്തിന്‍റെ മൊഴിയെടുക്കാത്തത് കോടതിയില്‍ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റമറ്റ രീതിയിലാണ് പൊലീസ് നീക്കങ്ങളെന്ന് കോടതിയെ ധരിപ്പിക്കാന്‍ കൂടിയുള്ളതാണ് പുതിയ നീക്കങ്ങള്‍