കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ നാലര വർഷത്തിനിടെ പിടികൂടിയത് ഒരു ടണിലേറെ സ്വർണം. 570 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി എന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. അതേസമയം സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും എത്ര സ്വർണം പിടികൂടി എന്ന വിവരം കസ്റ്റംസ് പുറത്തുവിടുന്നില്ല.
കരിപ്പൂരിൽ നിന്ന് കസ്റ്റംസ് പിടികൂടിയത് ഒരു ടണ്ണിലേറെ സ്വർണം. 2020 മുതൽ 2024 സെപ്റ്റംബർ വരെ പിടികൂടിയത് 1042.67 കിലോ അനധികൃത സ്വർണം. പിടിച്ചെടുത്ത സ്വർണത്തിന്റെ മൂല്യം 570.68 കോടി. കഴിഞ്ഞവർഷം മാത്രം പിടികൂടിയത് 284 കിലോയിലേറെ സ്വർണം. മറ്റ് വിമാനത്താവളങ്ങളിലെ കണക്ക് പുറത്തുവിടാനാകില്ലെന്ന് കസ്റ്റംസ്
2020 ജനുവരി മുതൽ ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടിയ സ്വർണ്ണത്തിന്റെ കണക്കാണ് പുറത്തുവന്നത്. അനധികൃതമായി കടത്താൻ ശ്രമിച്ച 1042.67 കിലോ സ്വർണമാണ് ഈ കാലയളവിൽ കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സമയത്തെ മൂല്യം കണക്കാക്കുമ്പോൾ 570.68 കോടി രൂപ വരും ഈ സ്വർണത്തിന്. ഓരോ വർഷവും പിടികൂടിയ സ്വർണത്തിന്റെ കണക്ക് പരിശോധിച്ചാൽ വർധന കാണാം. 2020ൽ 137 കിലോയാണ് പിടികൂടിയതെങ്കിൽ കഴിഞ്ഞ വർഷം അത് 284 ന് മുകളിലേക്ക് ഉയർന്നു. ഈ വർഷം സെപ്റ്റംബർ വരെ 130 കിലോയിലേറെ സ്വർണമാണ് പിടികൂടിയതെന്ന് വിവരവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.
അതേസമയം സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങൾ വഴി എത്ര സ്വർണം കടത്തി എന്ന് ചോദ്യത്തിന് കസ്റ്റംസിന് മറുപടിയില്ല. വിവരാവകാശ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരം ഈ വിവരം പുറത്തുവിടാനാവില്ലെന്ന വിചിത്ര മറുപടിയാണ് കസ്റ്റംസ് നൽകുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 2020 മുതൽ പിടികൂടിയ സ്വർണം : 1024.675 കിലോഗ്രാം. വർഷം തിരിച്ചുള്ള കണക്ക് (കിലോഗ്രാമിൽ)
2020 - 137.45
2021 - 211.4
2022 - 270.56
2023 - 284.5
2024 (സെപ്തംബർ വരെ) - 130.76